photo-
പോരുവഴി ഗ്രാമ പഞ്ചായത്തിന്റെ സ്ത്രി ശാക്തീകരണ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന യു.ഐ.ടി വാടക കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് കോളേജ് അധികൃതരുമായി ചർച്ച നടത്തുന്നു

പോരുവഴി: വാടകക്കുടിശ്ശികയെ തുടർന്ന് പോരുവഴി യു.ഐ.ടി. (യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി) കോളേജ് കെട്ടിടം ഒഴിപ്പിക്കാൻ പഞ്ചായത്ത് നീക്കം. വാടകയിനത്തിൽ 16.70 ലക്ഷം രൂപ കുടിശ്ശികയായതിനെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും പൊലീസും അടങ്ങിയ സംഘം ഇന്നലെ രാവിലെ 11 മണിക്ക് കോളേജിൽ എത്തി കെട്ടിടം പൂട്ടി സീൽ ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. തുടർന്ന് കോളേജ് അധികൃതർ നൽകിയ ഉറപ്പിന്മേൽ നാളെ എം.എൽ.എ, യൂണിവേഴ്സിറ്റി രജിസ്ട്രാർ, പഞ്ചായത്ത് പ്രതിനിധകൾ എന്നിവരുമായി ചർച്ച നടത്തി പഞ്ചായത്തിന് നൽകുവാനുള്ള വാടക കുടിശ്ശിക ലഭ്യമാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. വാടക കുടിശ്ശിക പൂർണമായി അടയ്ക്കാത്ത പക്ഷം കെട്ടിടം പൂട്ടി സീൽ ചെയ്യുകയും കോളേജിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അറിയിച്ചു.

ജനപ്രതിനിധികൾക്ക് ബാദ്ധ്യത

കുടുംബശ്രീ തൊഴിൽനൈപുണി പരിശീലനകേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. 2012 ശാസ്താംകോട്ടയ്ക്ക് അനുവദിച്ച കോളേജ് സ്ഥലപരിമിതി കാരണം 2015ൽ പോരുവഴി പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റി.ബി.കോം, ബി.ബി.എ. ബിരുദ കോഴ്സുകൾക്കു പുറമേ എം.കോം കോഴ്‌സും അനുവദിച്ചിരുന്നു.എന്നാൽ നാളിതുവരെ വാടകയായി ഒരു രൂപപോലും അടയ്ക്കാത്തതിനാൽ ജനപ്രതിനിധികൾക്ക് ഏകദേശം 90,000 രൂപയോളം ബാദ്ധ്യതയായി.ഇതേത്തുടർന്ന് യൂണിവേഴ്സിറ്റി രജിസ്‌ട്രാർക്കും യു.ഐ.ടി.ക്കും പഞ്ചായത്ത് അധികൃതർ പലതവണ കത്ത് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മാർച്ച് 31നുമുൻപ് കുടിശ്ശിക തീർക്കണമെന്നും ഇല്ലെങ്കിൽ കെട്ടിടം ഒഴിയണമെന്നും കാണിച്ച്‌ രജിസ്‌ട്രാർക്കും പ്രിൻസിപ്പലിനും കത്ത് നൽകിയിട്ടും ഒരുവിധ പ്രതികരണവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ജീവനക്കാരും ചേർന്ന് യു.ഐ.ടി. കെട്ടിടം പൂട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചത്.