
കൊല്ലം: കുണ്ടറ നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ ഇന്നലത്തെ പ്രചാരണം. കുണ്ടറ തത്തമുക്കിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സി.പി.എം നേതാവ് ജെ.മേഴ്‌സിക്കുട്ടിഅമ്മ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
തത്തമുക്ക്, ഇളമ്പള്ളൂർ, അമ്പിപൊയ്ക, റേഡിയോമുക്ക്, കല്ലുപാലക്കട എന്നിവിടങ്ങളിൽ നിന്ന് മുകേഷ് സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഇളമ്പള്ളൂരിലെ കശുഅണ്ടി ഫാക്ടറി തൊഴിലാളികൾ റോസ പൂക്കളുമായാണ് മുകേഷിനെ സ്വീകരിച്ചത്. കുട്ടിക്കാലത്ത് അമ്മൂമ്മയുടെ കൈയും പിടിച്ച് ഫാക്ടറിയിൽ പോയ ഓർമ്മ മുകേഷ് തൊഴിലാളികളോട് പങ്കുവച്ചു. രണ്ടിടങ്ങളിൽ സ്വീകരണത്തിനിടെ സ്വന്തം ഛായാചിത്രം വരച്ചത് മുകേഷിന് ഉപഹാരമായി ലഭിച്ചു. ചിലയിടങ്ങളിൽ പുസ്തങ്ങളായിരുന്നു സമ്മാനം.
ഉച്ചക്ക് ശേഷം ചിറയടി, കുറ്റിമുക്ക്, കുരീപ്പള്ളി, മുഖത്തല എന്നിവിടങ്ങളിൽ സ്വീകരണങ്ങളിലും പിന്നീട് കള്ളിക്കാട് ജുമാ മസ്ജിദിലെ നോമ്പുതുറയിലും പങ്കെടുത്തു.