
കൊല്ലം: തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുക്കുന്ന പണത്തിന്റെ സ്രോതസ് മാത്രം കാണിച്ചാൽ പോരാ, ആവശ്യം കാര്യകാരണ സഹിതം ബോദ്ധ്യപ്പെടുത്തിയില്ലേൽ വാഹന പരിശോധനയ്ക്കിടയിൽ ചിലപ്പോൾ വിയർക്കേണ്ടിവരുമെന്ന് പൊലീസ്.
കൈയിലുള്ളത് ബാങ്കിൽ നിന്ന് പിൻവലിച്ച ശമ്പളത്തുകയാണെങ്കിലും പാസ് ബുക്കോ സാലറി സ്ലിപ്പോ രക്ഷയ്‌ക്കെത്തില്ല. ഇത്രയും പണം കൊണ്ടുനടക്കുന്നതിന്റെ ആവശ്യകത പൊലീസിനെയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ ബോദ്ധ്യപ്പെടുത്തേണ്ടി വരും.
തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യേക അധികാരം ഉപയോഗിച്ചാണ് പൊലീസ് വാഹന പരിശോധന നടത്തുന്നത്. ജില്ലാ - സംസ്ഥാന അതിർത്തികളിലും സംയുക്ത പരിശോധന കർശനമാക്കിയിട്ടുണ്ട്. കൈയിൽ സൂക്ഷിക്കാവുന്ന തുകയുടെ പരിധി പറയുന്നില്ലെങ്കിലും താരതമ്യേന ചെറുതെന്ന് തോന്നിക്കുന്ന തുകയ്‌ക്കും പോലും ചിലപ്പോൾ സമാധാനം പറയേണ്ടി വരും.
സാഹചര്യമനുസരിച്ചാണ് ഇക്കാര്യത്തിൽ തീരമാനമെടുക്കുക. പ്രത്യേകിച്ച് അസമയങ്ങളിൽ കൂടുതൽ പണവുമായുള്ള ദൂരയാത്ര സംശയകരമാകും. പണം വോട്ടറെ സ്വാധീനിക്കാനെന്ന സംശയം ഉയരുമെന്നും പൊലീസ് പറയുന്നു.
തിരഞ്ഞെടുപ്പ് പരിശോധന കർശനം
പണത്തിന്റെ സ്രോതസ് കാണിച്ചാൽ മതിയെന്ന ധാരണ തെറ്റ്
ആവശ്യം കാര്യകാരണ സഹിതം ബോദ്ധ്യപ്പെടുത്തണം
പരിശോധന പ്രത്യേക അധികാരം ഉപയോഗിച്ച്
അസമയത്തെ യാത്രകൾ വില്ലനായേക്കാം
ചെറിയ തുകയ്ക്ക് പോലും കാരണം ബോധിപ്പിക്കണം
പിടികിട്ടാപ്പുള്ളി വോട്ടിട്ടാലും കോട്ടം
പിടികിട്ടാപ്പുള്ളികൾ നാട്ടിലെത്തുന്നുണ്ടോയെന്നും പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇത്തരക്കാർ വോട്ട് രേഖപ്പെടുത്തിയാൽ ക്ഷീണം പൊലീസിനാകും. നാട്ടിൽ നിന്ന് മാറിനിൽക്കുന്നവർ തിരഞ്ഞെടുപ്പ് കാലത്തെത്തി അക്രമ സംഭവങ്ങളിൽ ഏർപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
കൊല്ലം റൂറലിൽ മാത്രം 50 പിടികിട്ടാപ്പുള്ളികളുടെ പട്ടിക തയ്യാറാക്കി. ഇപ്പോൾ ഒളിവിൽ പോയവരും വർഷങ്ങൾക്ക് മുമ്പ് കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം ഒളിവിൽ പോയവരും ഇക്കൂട്ടത്തിലുണ്ട്. കുറ്റവാളികളും വലിയ തോതിൽ പണം കൈകാര്യം ചെയ്യുന്നവരും നിരീക്ഷണത്തിലാണ്
ജില്ലാ റൂറൽ പൊലീസ് അധികൃതർ