 സന്ധ്യമയങ്ങിയാൽ സംഘർഷങ്ങൾ പതിവ്

കൊല്ലം: ഇരുട്ട് പരന്നാൽ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ പരിസരത്ത് നിൽക്കാൻ ഭയപ്പെടണം. മദ്യപിച്ചെത്തുന്ന യാത്രക്കാരും സാമൂഹ്യവിരുദ്ധരും സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് രാത്രിയായാൽ പതിവാകുകയാണിവിടെ. തർക്കങ്ങൾ പലപ്പോഴും ജീവനക്കാർക്ക് നേരെയുള്ള സംഘർഷങ്ങളിലാണ് കലാശിക്കുന്നത്.

ഒരാഴ്ച മുമ്പ് സാമൂഹ്യവിരുദ്ധനുമായുള്ള വാക്ക് തർക്കത്തിനിടെ സുരക്ഷാ ജീവനക്കാരന് സോഡാ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ബസിനുള്ളിൽ വച്ചുണ്ടായ വാക്കുതർക്കം ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരനും യാത്രക്കാരനും തമ്മിലുള്ള കൈയാങ്കളിലായാണ് അവസാനിച്ചത്.

ഡിപ്പോ വളപ്പിൽ സമാന്തര ബാർ

നൂറ് കണക്കിന് യാത്രക്കാരെത്തുന്ന ഡിപ്പോയാണെങ്കിലും ഇവിടെയാകെ മൂന്ന് ബൾബുകൾ മാത്രമാണുള്ളത്. വെളിച്ചമില്ലാത്ത സ്ഥലങ്ങളിലെല്ലാം രാത്രിയാകുന്നതോടെ ഭിക്ഷാടകരും സാമൂഹ്യവിരുദ്ധരും തമ്പടിക്കും. ഇവരുടെ നേതൃത്വത്തിൽ ഇരുണ്ട ഭാഗങ്ങൾ കേന്ദ്രീകരിച്ച് സമാന്തര ബാർ ആരംഭിക്കും. ബിവറേജസിൽ നിന്നു മദ്യം വാങ്ങി വന്ന് ഗ്ലാസുകളിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യും. പതിവ് യാത്രക്കാർ ഇവരുടെ സ്ഥിരം കസ്റ്റമേഴ്സാണ്. വിൽപനയ്ക്കിടയിൽ തന്നെ മദ്യപിച്ച് ലക്കുകെടുന്ന സാമൂഹ്യവിരുദ്ധർ, യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തെത്തി അസഭ്യവർഷം നടത്തുന്നതും പതിവാണ്. ലിങ്ക് റോഡിൽ പാർക്ക് ചെയ്യുന്ന ബസുകൾക്കുള്ളിലും മദ്യപാനം നടക്കാറുണ്ട്.

വേണം പൊലീസ് എയ്ഡ് പോസ്റ്റ്

കൊല്ലം ട്രാൻ.ഡിപ്പോയിൽ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കരാർ അടിസ്ഥാനത്തിൽ രണ്ട് സുരക്ഷാ ജീവനക്കാരെ ഇവിടുള്ളു. രാത്രികാലങ്ങളിൽ ബസിൽ പോകാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്നങ്ങളുള്ള ജീവനക്കാരെയാണ് സുരക്ഷാജോലിക്ക് നിയോഗിക്കുന്നത്. പൊലീസ് പട്രോളിംഗ് സംഘം വല്ലപ്പോഴും ലിങ്ക് റോഡ് വഴി പോകാറുണ്ടെങ്കിലും ഡിപ്പോയിലേക്ക് പ്രവേശിക്കാറില്ല.