കരുനാഗപ്പള്ളി : വള്ളിക്കാവ് സംസ്കാര സംദായിനി ഗ്രന്ഥശാലയുടെയും നാടിന്റെയും 90 വർഷക്കാലത്തെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്തു. ഗ്രന്ഥശാലയുടെ ആദ്യകാല പ്രസിഡന്റും അദ്ധ്യാപകനുമായിരുന്ന കെ.കെ.പത്മനാഭപിള്ള പുസ്കത്തിന്റെ ആദ്യപ്രതി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാറിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പുസ്തകത്തെ തൊട്ടറിയുക സന്തോഷത്തെ വീണ്ടെടുക്കുക എന്ന സന്ദേശമുയർത്തി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ഹൃദയോത്സവത്തിലും വികസന വിജ്ഞാന സദസ് പരിപാടിയിലും വെച്ചാണ് പുസ്തകം കൈമാറിയത്. . സംഘാടക സമിതി ചെയർമാൻ കെ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. പി.കെ.അനിൽകുമാർ സെമിനാർ വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ജി. രവീന്ദ്രൻ , എസ് .ശശികല , ഗ്രന്ഥശാല പ്രസിഡന്റ് കെ.മുരളീധരൻ, പ്രൊഫ.പി.ഹരികൃഷ്ണ, പി.ശിവാനന്ദൻ, രാജ എന്നിവർ സംസാരിച്ചു. തുടർന്ന് കലാമണ്ഡലം ഗീതു നയിച്ച സംഗീത പരിപാടിയും ജില്ലാ , ഉപജില്ല സ്കൂൾ കലോത്‌സവങ്ങളിൽ പ്രതിഭകളായ ചന്ദന ചന്ദ്രൻ, ഭൂമിക, പ്രിയനന്ദ എന്നിവർ അവതരിപ്പിച്ച കഥാ പ്രസംഗവും മറ്റ് കലാപരിപാടികളും അരങ്ങേറി. സംഘാടക സമിതി കൺവീനർ എസ്.രവികുമാർ സ്വാഗതവും സമിതി വൈസ് ചെയർ പേഴ്സൺ ഷീബ അജി നന്ദിയും പറഞ്ഞു.