ns
ശാസ്താംകോട്ടയിലെ വഴിയോര വിശ്രമകേന്ദ്രം

ശാസ്താംകോട്ട: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രങ്ങൾ ശരിക്കും വിശ്രമത്തിലാണ്. ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിക്കാതെ അടച്ചിട്ടിരിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ശാസ്താംകോട്ട, മൈനാഗപ്പള്ളി ,പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് പഞ്ചായത്തുകളിലാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തിക്കാത്തത്.

വിശ്രമവും ഭക്ഷണവും

ശൂരനാട് വടക്ക് പഞ്ചായത്തിൽ കൊല്ലം, തേനി ദേശീയ പാതയിൽ ഈറ്റശ്ശേരി ചിറയോട് വിശ്രമ കേന്ദ്രം നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങളായെങ്കിലും ഇതുവരെയും ഉദ്ഘാടനം ചെയ്തില്ല. ശാസ്താംകോട്ട ജംഗ്ഷനിൽ പ്രധാന പാതയിൽ മാർക്കറ്റിനോട് ചേർന്ന സ്ഥലത്താണ് വഴിയോര വിശ്രമകേന്ദ്രം ഒരുക്കിയത്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം ഭക്ഷണ ശാലകൾ കൂടി പ്രവർത്തിപ്പിക്കുന്ന തരത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്.

ഇടപെടാതെ അധികൃതർ

ഭക്ഷണ ശാലകളുടെ ചുമതല കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ ഒരു പഞ്ചായത്തിലും വഴിയോര വിശ്രമകേന്ദ്രങ്ങൾ കാര്യമായി പ്രവർത്തിക്കുന്നില്ല. മറ്റ് കച്ചവടക്കാരെ ബാധിക്കുമെന്നതിനാൽ അധികൃതർ മനപൂർവം ഇടപെടാത്തതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ശൂരനാട് തെക്ക് പഞ്ചായത്തിലെ ചക്കുവള്ളിയിലും പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ കടപുഴയിലുമാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ പേരിനെങ്കിലും പ്രവർത്തിക്കുന്നത്.