കൊല്ലം: കൊല്ലം ബീച്ചിന് സമീപം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട സ്ഥലങ്ങൾ കേന്ദ്ര ഫിഷറീസ് സംഘം സന്ദർശിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് ഫിഷറീസ് സർവേ ഒഫ് ഇന്ത്യ കൊച്ചി സോണൽ ഓഫീസിൽ നിന്നുള്ള സംഘം എത്തിയത്.
പ്രദേശവാസികളിൽ നിന്ന് കേന്ദ്ര സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നാശനഷ്ടങ്ങൾ പരിശോധിച്ച് പ്രശ്നങ്ങൾ പഠിച്ച ശേഷം സമഗ്ര റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുമെന്ന് സംഘം അറിയിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇന്നലെ രാവിലെ ആറ്റിങ്ങൽ അഞ്ചുതെങ്ങ്, തിരുവന്തപുരത്തെ പ്രശ്നബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളും സംഘം സന്ദർശിച്ചിരുന്നു. ആലപ്പുഴയിലും പരിശോധന നടത്തും.
ഫിഷറീസ് സർവേ ഒഫ് ഇന്ത്യ സോണൽ ഡയറക്ടർ ഡോ. സിജോ.പി.വർഗീസ്, ഫിഷറീസ് സയന്റിസ്റ്റ് സോളി സോളമൻ, എൻജിനിയറിംഗ് സൂപ്രണ്ട് ജോഷ് അശോകൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. കൊല്ലം ലോക് സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കടം, സെക്രട്ടറി മനു എന്നിവർ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് 'കള്ളക്കടൽ' പ്രതിഭാസത്തെ തുടർന്ന് മുണ്ടയ്ക്കൽ ഭാഗത്ത് കടലാക്രമണം രൂക്ഷമായത്. അഞ്ചോളം വീടുകൾ പൂർണമായി തകർന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച പ്രദേശവാസികൾ റോഡ് ഉപരോധിക്കുകയും റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിക്കുകയും ചെയ്തു. രാത്രി 8.45 ഓടെ കളക്ടർ എൻ.ദേവിദാസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതോടെയാണ് ആറ് മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിച്ചത്.
'കളക്ടർ വാക്ക് പാലിച്ചില്ലെങ്കിൽ
വീണ്ടും തെരുവിൽ"
രണ്ട് ദിവസത്തിനകം കിഫ്ബിയുടെയും കേരള കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് കളക്ടർ കഴിഞ്ഞദിവസം പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.