photo
കോട്ടാത്തല പൂഴിക്കാട് ചിറ

കൊട്ടാരക്കര: കോട്ടാത്തല പൂഴിക്കാട്ട് ചിറ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നവീകരിക്കും. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഈ ആഴ്ച തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാകും. ഏറെക്കാലമായി ചിറ തീർത്തും നാശത്തിലാണ്. സംരക്ഷണ ഭിത്തികൾ ഇടിഞ്ഞുതള്ളിയും കരിയിലയും പായലും നിറഞ്ഞ് വെള്ളം നശിച്ചും ഉപയോഗ ശൂന്യമായി മാറിയിരിക്കെയാണ് നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്.നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല വാർഡിലാണ് പൂഴിക്കാട് ചിറയുള്ളത്. പൂഴിക്കാട് ലക്ഷംവീട് കോളനിയിലെ താമസക്കാരടക്കം കുളിക്കാനും തുണി അലക്കാനും ഉപയോഗിച്ചിരുന്ന ചിറയാണിത്.

വൃത്തിയാക്കൽ ഫലപ്രദമായില്ല

പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻപ് ചിറ വൃത്തിയാക്കിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. പിന്നീട് ചിറ കൂടുതൽ നശിച്ചു. വെള്ളത്തിന് കറുത്ത നിറമായതോടെ കുളിക്കാൻ പോലും ഉപയോഗിക്കാൻ കൊള്ളില്ലെന്ന സ്ഥിതിയുമായി. ചിറയുടെ ദുരിതാവസ്ഥ പലതവണ കേരളകൗമുദി വാർത്തയാക്കി. തുടർന്നാണ് ജില്ലാ പഞ്ചായത്തംഗം വി.സുമാലാൽ മുൻകൈയെടുത്ത് ചിറ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്. നെടുവത്തൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചിറ. അഞ്ച് സെന്റ് ഭൂമിയും വഴിയുമാണ് ഇതിനായി രേഖകളിലുള്ളത്.

നിരവധി കുടുംബങ്ങൾക്ക് ഗുണകരമാകും

തീർത്തും നാശത്തിലായ ചിറയുടെ സംരക്ഷണ ഭിത്തികൾ പൂർണമായും ഇടിച്ച് പുതിയത് നിർമ്മിക്കും. നിലവിലുള്ള കരിങ്കല്ല് ഏറെക്കുറെ ഉപയോഗിക്കും. വെള്ളം വറ്റിച്ച് ചെളികോരി മാറ്റും. കൽപ്പടവുകൾ നിർമ്മിക്കും. നാലുചുറ്റും നടക്കാനുള്ള സൗകര്യമൊരുക്കും. നീന്തൽ കുളമായി മാറും വിധത്തിലാണ് നവീകരണം. ലൈറ്റിംഗ് അടക്കം സൗന്ദര്യ വത്കരണവുമുണ്ടാകും. റോഡിൽ നിന്നും ചിറയിലേക്ക് ഇറങ്ങാനുള്ള വഴിയും വൃത്തിയാക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ നവീകരണ ഉദ്ഘാടനം നടത്താതെ നിർമ്മാണ ജോലികൾ തുടങ്ങും. നവീകരണം പൂർത്തിയാകുമ്പോൾ പൂഴിക്കാട്ട് പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഗുണകരമാകും. നീന്തൽ പരിശീലനവും നടത്താനാകും.