mukesh

കൊല്ലം: ചാത്തന്നൂർ നിയമസഭ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ ഇന്നലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. ചാത്തന്നൂർ മരക്കുളത്ത് രാവിലെ എട്ടരയോടെ തന്നെ ജനങ്ങൾ കൂട്ടമായി എത്തിയിരുന്നു, പിന്നീട് പത്ത് മിനിട്ട് ഇടവിട്ട് സ്വീകരണം ലഭിച്ച ഓരോ സ്ഥലത്തും നിരവധി പേരെത്തി.

ചില‌ർ ഹാരങ്ങൾ അണിയിച്ചും മറ്റ് ചിലർ പൂക്കളും പുസ്തകങ്ങളും നൽകിയുമാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ സ്‌നേഹവും സാഹോദര്യവും നിലനിറുത്താൻ എൽ.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് മുകേഷ് പ്രസംഗത്തിലുടനീളം അഭ്യർത്ഥിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന ആവേശകരമായ സ്വീകരണത്തിൽ നിന്ന് ഈ തിരഞ്ഞടുപ്പിന്റെ പ്രാധാന്യം ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

നടയ്ക്കൽ, മേവനക്കോണം, ചക്രംവിള, വേളമാനൂർ, പുലിക്കുഴി, പരവൂർ എന്നിവിടങ്ങളിലും മുകേഷിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ജി.എസ്.ജയലാൽ എം.എൽ.എ ഒപ്പമുണ്ടായിരുന്നു.