കൊല്ലം: കൊല്ലത്തെ സാമൂഹിക - സാംസ്കാരിക മേഖലകളിലും ഗവ. കരാർ രംഗത്തും അരനൂറ്റാണ്ട് നിറസാന്നിദ്ധ്യമായിരുന്ന അപൂർവ വ്യക്തിത്വത്തിനുടമയായ പി.വിശ്വനാഥൻ ഓർമ്മയായിട്ട് നാളെ നാല് വർഷം തികയും. അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നതിനൊപ്പം നാളെ അനുസ്മരണ സമ്മേളനവും നടക്കും.
പത്തുവർഷം മുമ്പ് അദ്ദേഹം പടുത്തുയർത്തിയ കൊല്ലം ജില്ലാ ഗവ. കോൺട്രാക്‌ടേഴ്‌സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 5ന് പുള്ളിക്കട ഫൗണ്ടേഷൻ ഓഫീസ് അങ്കണത്തിൽ വച്ച് പി.വിശ്വനാഥൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സെമിനാറും അനുസ്മരണവും നടക്കും. ഫൗണ്ടേഷൻ ചെയർമാൻ എസ്.ജയമോഹൻ അദ്ധ്യക്ഷനാകും. സെക്രട്ടറി പുണർതം പ്രദീപ് സ്വാഗതം പറയും. മേയർ പ്രസന്ന ഏണസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബേബിസൺ അനുസ്മരണ പ്രഭാഷണം നടത്തും. പി.കെ.അശോകൻ, ബദറുദ്ദീൻ, പി.അജയകുമാർ, പി.എച്ച്.റഷീദ്, എൻ.ബാഹുലേയൻ, ഡി.ഹരി തുടങ്ങിയവർ സംസാരിക്കും. പി.വിശ്വനാഥന്റെ ഭാര്യ ഡോ. ഉഷ വിശ്വനാഥൻ, മകൻ പത്മനാഭൻ, കേരളത്തിലെ കരാറുകാരുടെ വിവിധ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
ബഹുമുഖ വ്യക്തിത്വം
ജില്ലയിലെ പൊതുകാര്യ പ്രസക്തനും കരാറുകാരനും കരാർ സംഘടനയുടെ ജില്ലാ-സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.വിശ്വനാഥനാണ് ജില്ലാ ഗവ. കോൺട്രാക്‌ടേഴ്‌സ് സഹകരണ സംഘത്തെ ക്ലാസ് -1 കാറ്റഗറിയിൽ എത്തിച്ചത്. കൊല്ലം പട്ടണത്തിലെ പുഷ്‌പോത്സവം നല്ല നിലയിൽ നടത്തിയിരുന്നത് ജനറൽ കൺവീനറായിരുന്ന അദ്ദേഹത്തിന്റെ കരുത്തിലാണ്. കൊല്ലം പീപ്പിൾസ് ഇനിഷ്യേറ്റീവ് സെക്രട്ടറി, ക്വയിലോൺ അത്‌ലറ്റിക്‌സ് ക്ലബ് രക്ഷാധികാരി, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്, കേരള ബിൽഡിംഗ്‌സ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഗിൽ ഫണ്ട് 2020 എന്ന പേരിൽ ഉഷ ഉതുപ്പിന്റെ ഗാനമേള സംഘടിപ്പിച്ച് ധനശേഖരണം നടത്തിയതിന് സർക്കാരിന്റെ പ്രശംസയ്ക്കും അർഹനായി. അഷ്ടമുടി ബോട്ട് റേസ് ക്ലബ് രൂപീകരിച്ച് സെക്രട്ടറിയായും വള്ളംകളി ജനറൽ കൺവീനറായും പ്രവർത്തിച്ചിരുന്നു.