അഞ്ചാലുംമൂട്: ചാനൽ ചർച്ചയ്ക്കിടെ മത്സ്യത്തൊഴിലാളി സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ അഞ്ചാലൂംമൂട് പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായി ചൂണ്ടിക്കാട്ടി മുണ്ടയ്ക്കൽ തിരുവാതിര നഗർ പുതുവൽ പുരയിടത്തിൽ പ്രിയങ്കയും മറ്റ് അഞ്ച് സ്ത്രീകളും നൽകിയ പരാതിയിലാണ് ഇതുവരെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറാകാത്തത്. തിങ്കളാഴ്ച വൈകിട്ട് 7ന് അഞ്ചാലുംമൂട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിലെ ഗ്രൗണ്ടിൽ നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു സംഭവം.
ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്ന എം.നൗഷാദ് എം.എൽ.എയെ കാണാനും കടലാക്രമണത്തിൽ വീടുകൾ തകർന്നിട്ടും തിരിഞ്ഞുനോക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കാനുമാണ് ഇവർ എത്തിയത്. എം.എൽ.എയോട് ചോദ്യം ചോദിച്ചതിന് പിന്നാലെ തങ്ങളെ ആക്രമിക്കാനെത്തിയ ഡി.വൈ.എഫ്.ഐക്കാരെ ചാനൽ പ്രവർത്തകൻ ആദ്യം പിന്തിരിപ്പിച്ചു. സ്ഥലത്ത് നിന്നു മടങ്ങാനൊരുങ്ങിയ എം.എൽ.എയെ തങ്ങൾ വീണ്ടും കാണാൻ ശ്രമിച്ചപ്പോൾ ഡി.വൈ.എഫ്.ഐക്കാർ സംഘം ചേർന്ന് ആക്രമിച്ചെന്നാണ് പരാതി.