കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ ഭയന്ന എതിരാളികൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് സ്ഥാനാർത്ഥി കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രചാരണത്തിൽ സ്ഥാനാർത്ഥി അതൃപ്തനാണെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെന്നുമുള്ള പ്രചാരണത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. യുട്യൂബിൽ വന്ന പഴയ വാർത്തയാണ് പുതിയതായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്ഥാനാർത്ഥികളും പ്രചാരണത്തിൽ മുന്നേറിയ സമയത്താണ് താൻ എത്തിയത്. ആദ്യം ദിവസം തന്നെ ജില്ലാ നേതൃത്വം സംഘടിപ്പിച്ച റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. തുടർന്നുണ്ടായ പരാജയ ഭീതിയാണ് വ്യാജവാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ എൻ.ഡി.എയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. സ്ഥാനാർത്ഥി എത്തിയതിന് ശേഷം അതിവേഗത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ എതിരാളികളുടെ ഭയപ്പാടിൽ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.