കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം മുതൽ കൊല്ലം ബീച്ച് വരെ തിരുവാതിര നഗർ ഉൾപ്പടെയുള്ള പ്രദേശങ്ങളെ കടലാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ 4 പുലിമുട്ടുകൾ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറായി. കളക്ടറുടെ നിർദ്ദേശപ്രകാരം തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറി.

800 മീറ്റർ ദൂരത്തിൽ 100, 60 മീറ്ററുകളിൽ രണ്ട് വീതം പുലിമുട്ടുകളുടെ നിർമ്മാണമാണ് എസ്റ്റിമേറ്റിലുള്ളത്. ഏറ്റവും താഴ്ന്ന സമുദ്ര നിരപ്പിൽ നിന്ന് നാല് മീറ്റർ വരെ ഉയരത്തിലാകും നിർമ്മാണം. അടിത്തട്ടിൽ 12 മീറ്റർ വരെ വീതിയുണ്ടാകും. 4 മീറ്റർ വരെയാകും മുകളിലെ വീതി. ചെന്നൈ ഐ.ഐ.ടി നേരത്തെ പ്രദേശത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുലിമുട്ടുകളുടെ നീളവും തമ്മിലുള്ള അകലവും നിശ്ചയിച്ചിരിക്കുന്നത്. അടിത്തട്ട് പാറ കൊണ്ടായിരിക്കും നിർമ്മിക്കുക. മുകൾ ഭാഗവും അഗ്രങ്ങളും ടെട്രാപോഡുകൾ നിരത്തി ബലപ്പെടുത്തും.

താന്നി മുതൽ പാപനാശനം വരെ രണ്ട് വർഷം മുമ്പ് 24 കോടി ചെലവിൽ 23 പുലിമുട്ടുകൾ സ്ഥാപിച്ചിരുന്നു. അതിന് പിന്നാലെയാണ് തിരുവാതിര നഗർ ഭാഗത്തേക്ക് കടൽ ശക്തമായി കയറിത്തുടങ്ങിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രദേശത്തെ നിരവധി വീടുകളും അങ്കണവാടിയും തകർന്നു. ഏതാനും ദിവസം മുമ്പുണ്ടായ കടലാക്രമണത്തിൽ അഞ്ച് വീടുകൾ കൂടി തകർന്നു. ഇതിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പുലിമുട്ട് നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ കളക്ടർ നിർദ്ദേശം നൽകിയത്.

ജനം തെരുവിൽ, നടപടിക്ക് ശരവേഗം

 തീരദേശവാസികൾ തെരുവിലിറങ്ങിയതോടെ നടപടി ശരവേഗത്തിൽ

 എസ്റ്റിമേറ്റ് തയ്യാറാക്കിയത് കളക്ടറുടെ നിർദ്ദേശപ്രകാരം

 പെരുമാറ്രച്ചട്ടത്തിൽ നിന്ന് ഇളവ് നേടി പുലിമുട്ട് നിർമ്മാണത്തിലേക്ക് കടക്കാൻ ആലോചന

 എസ്റ്റിമേറ്റിന് അനുമതി ലഭിച്ചാലുടൻ ടെണ്ടർ ക്ഷണിക്കും

 നാല് പുലിമുട്ടുകൾ പൂർത്തിയാക്കാൻ ഏകദേശം എട്ടുമാസം വേണ്ടിവരും

പുതിയ പുലിമുട്ടുകൾ - 4

എസ്റ്റിമേറ്റ് തുക - ₹ 9.20 കോടി

മഴക്കാലത്ത് ഇവിടെ കടലാക്രമണം വീണ്ടും ശക്തമാകും. അതിന് മുമ്പ് പുലിമുട്ടിന്റെ അടിത്തട്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ജില്ലാ ഭരണകൂടം