f
പുനർ നിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുന്ന സാൻജോസ് ഫാം കലുങ്ക്

മൺറോത്തുരുത്ത്: കിഫ്ബി ഫണ്ടിൽ നി​ന്നുള്ള 32 കോടി കരാർത്തുകയിൽ അഞ്ചു വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച കുണ്ടറ- മൺറോത്തുരുത്ത് റോഡ് പാതി​വഴി​യി​ൽ ഇഴയുന്നു.

ആദ്യ കരാറുകാരൻ പൊട്ടിമുക്ക് മുതൽ രണ്ട് റോഡ് വരെയും ചിറ്റുമല മുതൽ പേഴുംതുരുത്ത് വരെയും ഒന്നാം ഘട്ട ടാറിംഗ് നടത്തിയ ശേഷം പണി ഉപേക്ഷിച്ചു. പീന്നീട് റീ ടെണ്ടറിലൂടെ കരാർ ഏറ്റെടുത്തയാൾ വീണ്ടും പാതിവഴിയിൽ നിർമ്മാണം നിറുത്തി​. പൊട്ടിമുക്ക് മുതൽ പള്ളിമുക്ക് വരെ റോഡിന്റെ പകുതി വീതിയിൽ ഒന്നാം ഘട്ട ടാറിംഗ് നടത്തിയി​ട്ടുണ്ട്. മൺറോത്തുരുത്ത് ഭാഗത്ത് പട്ടംതുരുത്തിൽ കലുങ്ക് പുനർ നിർമ്മാണം പൂർത്തി​യാക്കി​യെങ്കി​ലും പാർശ്വഭിത്തി കെട്ടി മണ്ണ് നിറയ്ക്കാത്തതി​നാൽ പേഴുംതുരുത്തിലേക്കുള്ള ഗതാഗതം നിലച്ചു. ടൂറിസം തോടും അടഞ്ഞുകിടക്കുകയാണ്. ഇത് പൂർത്തീകരിക്കാതെ റോഡിലൂടെയും തോട്ടിലൂടെയുമുള്ള ഗതാഗതം തടസപ്പെടുത്തി സാൻജോസ് ഫാം കലുങ്കും പൊളിച്ചിട്ടു. കാനറാ ബാങ്ക്- കരൂത്തറക്കടവ്- റെയിൽവേ സ്റ്റേഷൻ- പട്ടംതുരുത്ത് റോഡും ഗതാഗത സാദ്ധ്യമല്ലാത്ത നിലയിൽ തകർന്നു കിടക്കുകയാണ്. ഏറെ സാഹസപ്പെട്ടാണ് മൺറോത്തുരുത്തിലേക്കുള്ള ബസുകൾ സർവ്വീസ് നടത്തുന്നത്.

മൺറോത്തുരുത്തിലെ ടൂറിസത്തെക്കൂടി അവതാളത്തിലാക്കിയിരിക്കുകയാണ് റോഡിന്റെ അവസ്ഥ. തുരുത്തിലേക്കുള്ള മറ്റൊരു റോഡ് മാർഗ്ഗമായ പെരുമൺ പാലം നിർമ്മാണവും എന്ന് തീരുമെന്ന് ഉറപ്പില്ല.