കൊല്ലം: പൊലീസുകാരുടെ മാനസിക പിരിമുറുക്കത്തിന് പരിഹാരം കാണാനും കൗൺസലിംഗിനുമുള്ള ഹാറ്റ്സ് (ഹെൽപ്പ് ആൻഡ് അസിസ്റ്റൻസ് ടു ടാക്കിൾ സ്ട്രെസ്) പദ്ധതി ജില്ലയിൽ ഉടൻ നടപ്പാക്കും. കണ്ണൂർ, തൃശൂർ, കൊച്ചി, കോഴിക്കോട് എന്നീ കമ്മിഷണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
2017ൽ തിരുവനന്തപുരം എസ്.എ.ടി കേന്ദ്രീകരിച്ച് തുടങ്ങിയ പദ്ധതിയിൽ, നിലവിൽ രണ്ട് സൈക്കോളജിസ്റ്റുകളുടെ സേവനമാണുള്ളത്. ഇത് പര്യാപ്തമല്ലാത്തതും പൊലീസുകാരിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതും കണക്കിലെടുത്താണ് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുന്നത്.
കൊല്ലം, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ, കൊച്ചി, കോഴിക്കോട് എന്നീ കമ്മിഷണറേറ്റുകളിലെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകളിലെ (ഡി. ഡാഡ്) സൈക്കോളജിസ്റ്റിന്റെ സേവനമാണ് ഹാറ്റ്സിന് വേണ്ടി പ്രയോജനപ്പെടുത്തുക. കൊല്ലത്ത് ചാമക്കട പഴയ ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലാണ് ജില്ലയിലെ ഡി ഡാഡ് സെന്റർ പ്രവർത്തിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പിരിമുറുക്കം ഉണ്ടെങ്കിൽ സ്വമേധയോ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമോ ഹാറ്റ്സിലെ കൗൺസലിംഗ് പ്രയോജനപ്പെടുത്താം.
വിവരങ്ങൾ രഹസ്യം, കുടുംബാംഗങ്ങൾക്കും സേവനം
വ്യക്തിഗത വിവരങ്ങൾ ഡിപ്പാർട്ടമെന്റ് തലത്തിൽ പരസ്യപ്പെടുത്തില്ല
രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഡി.ഡാഡ് കേന്ദ്രം പ്രവർത്തിക്കുന്നത്
ഈ സമയത്ത് ഹാറ്റ്സിന്റെ കൗൺസലിംഗ് സേവനം പ്രയോജനപ്പെടുത്താം
മറ്റ് തെറാപ്പികളും തുടർ കൗൺസലിംഗും ലഭ്യമാകും
പൊലീസുകാരുടെയും ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്കും കൗൺസലിംഗ് ലഭിക്കും
ഹാറ്റ്സ് പദ്ധതിയുടെ സേവനങ്ങൾ ജില്ലയിൽ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കൽ അവസാന ഘട്ടത്തിലാണ്. ഉടൻ നടപ്പാക്കും.
സുവിദ്യ ബിനോജ്,
ഡി.ഡാഡ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്