photo
ആലപ്പാട് സെൻട്രലിൽ തകർന്ന് കിടക്കുന്ന പുലിമുട്ട്

കരുനാഗപ്പള്ളി: നിരന്തരമായ കടലാക്രമണം ആലപ്പാട്ട് നിവാസികളുടെ ജീവിതം ദുരിത പൂർണമാക്കുന്നു. ആഴക്കടലിൽ ഉണ്ടായ പ്രതിഭാസത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറി നാശം വിതച്ചത്. കാലവർഷ ,തുലാമാസ സീസണുകളിലും വേലിയേറ്റ സമയങ്ങളിലും കടലാക്രമണം പതിവാണ്. ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറുമ്പോൾ കുഞ്ഞുങ്ങളെ ഒക്കത്തുവെച്ച് അമ്മമാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടി മാറുന്നതും പതിവ് കാഴ്ചയായി.

സംരക്ഷണ ഭിത്തികൾ തക‌ർന്നു

കടൽത്തിരകളെ തടഞ്ഞ് നിറുത്താൻ തീരസംരക്ഷണ ഭിത്തികൾക്ക് കഴിയുന്നില്ല. കഴിഞ്ഞ സുനാമി ദുരന്തത്തിന് ശേഷം ഇങ്ങോട്ട് സമുദ്രതീര സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നില്ല. സുനാമി ദുരന്തത്തിലും തുടർന്നും തകർന്ന് പോയ കരിങ്കൽ ഭിത്തികൾ അതേപടി കിടക്കുന്നു. അഴീക്കൽ മുതൽ പറയകടവ് വരെയുള്ള പുലിമുട്ടുകളും തകർച്ചയുടെ വക്കിലാണ്. കരിങ്കൽ ഭിത്തിക്ക് തകർച്ച ഏൽക്കാത്ത സ്ഥലങ്ങളിൽ കടത്തിരകളെ ചെറുത്ത് നിൽക്കാൻ കഴിയുന്നതിനാൽ നാശത്തിന്റെ തോത് കുറവാണ്.

തിരമാലകളുടെ ദുരന്ത ഭൂമി

സമുദ്ര തീരം സംരക്ഷിക്കാൻ പുലിമുട്ടോടു കൂടിയ കടൽ ഭിത്തിയാണ് അഭികാമ്യമെന്ന് നാട്ടുകാർ പറയുന്നു. പുലിമുട്ടുകളുടെ ഇടയിൽ പുതുതായി കര രൂപം കൊള്ളുന്നതോടെ തിരമാലകളുടെ ശക്തി കുറയുന്നു. ഇതോടൊപ്പം തന്നെ തക‌ർന്ന് പോയ കടൽ ഭിത്തികൾ പുനർ നിമ്മിക്കുകയും വേണം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭത്തിലൂടെ വേണം പുലിമുട്ടോട് കൂടിയ കടൽ ഭിത്തി നിർമ്മിക്കാൻ. കാലവർഷത്തിന് ഇനി രണ്ടുമാസം മാത്രമാണ് ശേഷിക്കുന്നത്. ഇതിന് മുമ്പായി സമുദ്ര തീര തീരസംരക്ഷണ ഭിത്തിയുടെ നിർമ്മാണവും മെയിന്റനൻസും നടത്തി തീരം സംരക്ഷിച്ചില്ലെങ്കിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് തിരമാലകളുടെ ദുരന്ത ഭൂമിയായി മാറും.