കരുനാഗപ്പള്ളി: മാലുമേൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മേടവിഷു മഹോത്സവം ഇന്ന് തുടങ്ങും. 14ന് സമാപിക്കും. മാലുമേൽ സാന്ത്വനം ആദ്ധ്യാത്മിക സാംസ്കാരിക സമ്മേളനം ഇന്ന് വൈകിട്ട് 6ന് നടക്കും. സാംസ്കാരിക സമ്മേളനവും മാലുമേൽ ദേവി കാരുണ്യ നിധി സമാഹരണത്തിന്റെ ഉദ്ഘാടനവും സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന കലാസന്ധ്യകളുടെ ഉദ്ഘാടനം ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിക്കും. സ്വാമി ഉദിത് ചൈതന്യ ഭാഗവത മഹാത്മ്യവും വിശിഷ്ട മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ദേവി പുരസ്കാര വിതരണവും നിർവഹിക്കും. വിദ്യാഭ്യാസ അവാർഡുകൾ പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ വിതരണവും ജന്മഭൂമി പ്രിന്റർ ആൻഡ് പബ്ലിഷർ വി.മുരളീധരൻ ആദ്ധ്യാത്മിക സന്ദേശവും നടത്തും. മാലുമേൽ ദേവസ്വം പ്രസിഡന്റ് എസ്.രഘുനാഥൻ അദ്ധ്യക്ഷനാകും. ദേവസ്വം സെക്രട്ടറി ഷിബു എസ്.തൊടിയൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പനയ്ക്കൽ ഉണ്ണി നന്ദിയും പറയും. യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യ സപ്താഹത്തിന് നേതൃത്വം നൽകും. യജ്ഞ പന്തലിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ 5 വ്യത്യസ്ത ദിനങ്ങളിലായി വിമുക്ത സൈനിക നീതിപാലക സംഗമം, കർഷക കർഷക തൊഴിലാളി സംഗമം, മാതൃ സംഗമം, ഗുരുവന്ദനം, വിദ്യാർത്ഥി യുവജന സംഗമം തുടങ്ങി നൂതനമായ ചടങ്ങുകൾ നടക്കും. യജ്ഞ വേദിയിൽ എല്ലാ ദിവസവും വൈകിട്ട് ഭാഗവതത്തിലെ പ്രധാന മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ ഉണ്ടായിരിക്കും. മാലുമേൽ പെങ്കാല 13ന് നടക്കും. മാളികപ്പുറം ഫെയിം ദേവനന്ദ പൊങ്കൽ മഹോത്സവത്തിന് ഭദ്രദീപം കൊളുത്തും. വിവിധ കരങ്ങളിൽ നിന്നുമുള്ള ഘോഷയാത്രകൾ രാത്രി പരിപാടികൾ എന്നിവ മേടവിഷു മഹോത്സവത്തിന് കൂടുതൽ ഭംഗിപകരും. ആറു കരകളിൽ നിന്നായി എഴുപത്തിയഞ്ചോളം കെട്ടുകാഴ്ചകൾ ഇത്തവണ മേടമഹോത്സവത്തിൽ പങ്കെടുക്കും. ഉത്സവപ്പറമ്പിലെ പ്രധാന വിസ്മയകരമായ വിനോദ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള കാർണിവൽ (മാലുമേൽ ഫെസ്റ്റ് 2024) ഇന്ന് തുടങ്ങും. വാ‌ർത്താ സമ്മേളനത്തിൽ ദേവസം പ്രസിഡന്റ് എസ്.രഘുനാഥൻ ദേവസ്വം സെക്രട്ടറി ഷിബു. എസ്.തൊടിയൂർ, ഭരണസമിതിയംഗം വി.വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.