 
കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. താലൂക്ക് ഓഫീസ് ജംഗ്ഷനിൽ നിന്ന് പ്രകടനമായി കളക്‌ടറേറ്റിലെത്തി ജില്ലാ വരണാധികാരികൂടിയായ കളക്ടർ എൻ.ദേവിദാസിന് രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു.
ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു, മകൾ ദിയ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. റോഡിനിരുവശവും കാത്തുനിന്നവരെ കൃഷ്ണകുമാർ അഭിവാദ്യം ചെയ്തു. പത്രിക സമർപ്പണത്തിന് ശേഷം ബാർ അസോസിയേഷൻ ഹാളിലും ക്ലാർക്ക് അസോസിയേഷൻ ഹാളിലും എത്തിയ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഭാരതീയ അഭിഭാഷക പരിഷത്ത് കൊല്ലം യൂണിറ്റ് പ്രസിഡന്റ് അഡ്വ. ആശ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
പത്രിക സമർപ്പണത്തിന് ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാറിനൊപ്പം സെൽഫിയെടുക്കാൻ കളക്ടറേറ്റ് ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾക്ക് എത്തിയവരുടെയും തിരക്കായി. എല്ലാവർക്കുമൊപ്പം നിന്ന് ചിത്രമെടുത്ത ശേഷമാണ് കൃഷ്ണകുമാർ മടങ്ങിയത്. കെട്ടിവയ്ക്കാനുള്ള പണം നൽകിയത് നെടുമ്പന മുട്ടയ്ക്കാവ് എ.എൻ കാഷ്യു ഫാക്ടറി തൊഴിലാളികളാണ്. കാഷ്യു ഫാക്ടറി സന്ദർശിച്ച സ്ഥാനാർത്ഥിക്ക് തൊഴിലാളികൾ സ്വരൂപിച്ച 25,000 രൂപ കൈമാറുകയായിരുന്നു.