dd

കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവർ കാത്തിരുന്ന് തളരുന്നു. ബസിലെത്തുന്ന പാവപ്പെട്ട രോഗികൾ ഡയാലിസിസ് നടക്കാൻ മണിക്കൂറുകൾ വൈകുന്നതോടെ രാത്രി കാർ വിളിച്ച് തിരികെ പോകേണ്ട അവസ്ഥയാണ്.

ഉച്ചയ്ക്കെത്തുന്ന രോഗികൾ രാത്രി 12 മണിയോടെയാണ് പലപ്പോഴും ഡയാലിസിസ് പൂർത്തിയായി മടങ്ങുന്നത്.

ആശുപത്രിയിൽ ആകെ എട്ട് ഡയാലിസിസ് യന്ത്രങ്ങളാണുള്ളത്. ഇതിൽ രണ്ടെണ്ണം കേടായിട്ട് മാസങ്ങൾ പിന്നിട്ടു. എന്നിട്ടും അറ്രകുറ്റപ്പണി നടത്താനുള്ള ശ്രമം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ബാക്കിയുള്ള ആറ് യന്ത്രങ്ങളിൽ പലതും ഇടയ്ക്കിടെ പണിമുടക്കും. രോഗികളുടെ ജീവനെയോർത്ത് ജീവനക്കാർ സ്വന്തം നിലയിൽ അറ്റകുറ്റപ്പണി നടത്തിയാണ് പലപ്പോഴും പണിമുടക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്.

ഒരു ഡയാലിസിസ് യന്ത്രത്തിനൊപ്പം ഒരു ടെക്നീഷ്യൻ എപ്പോഴും വേണമെന്നാണ് ചട്ടം. ഇങ്ങനെ ആറ് യന്ത്രങ്ങളും പ്രവർത്തിപ്പിക്കാൻ ഒരു ഷിഫ്ടിൽ ആറ് ടെക്നീഷ്യന്മാർ വേണം. പക്ഷെ മൂന്ന് ഷിഫ്ടുകളിലായി ഡയാലിസിസ് നടക്കുന്ന ഇവിടെ ആകെ അഞ്ച് ഡയാലിസിസ് ടെക്നീഷ്യന്മാരെ ഉള്ളു. ഒരു ഷിഫ്ടിൽ പലപ്പോഴും രണ്ട് ടെക്നീഷ്യന്മാരെ ഉണ്ടാകാറുള്ളു.

ടെക്നീഷ്യന്മാരുടെ കുറവ് പരിഹരിക്കാൻ രണ്ട് നഴ്സുമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവർ ഡയാലിസിസിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. അതുകൊണ്ട് തന്നെ രോഗികൾ കാത്തിരിക്കുമ്പോഴും പ്രവർത്തന സജ്ജമായ യന്ത്രങ്ങൾ പോലും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.

യന്ത്രങ്ങൾ ഇടയ്ക്കിടെ പണിമുടക്കിൽ

 രണ്ട് യന്ത്രങ്ങൾ കേടായിട്ട് മാസങ്ങൾ

 മറ്റ് യന്ത്രങ്ങൾ ഇടയിക്കിടെ പണിമുടക്കും

 ആവശ്യത്തിന് ടെക്നീഷ്യന്മാരില്ലാത്തതും പ്രശ്നം

 ഡയാലിസിസ് വൈകുന്നത് രോഗികളെ ബാധിക്കുന്നു

 വിവരം അന്വേഷിച്ചാൽ ജീവനക്കാരുടെ മോശം പെരുമാറും

ആകെ ഡയാലിസിസ് യന്ത്രങ്ങൾ - 08

പുറത്ത് പോയാൽ പോക്കറ്റ് കീറും

യന്ത്രങ്ങളുടെയും ജീവനക്കാരുടെയും കുറവ് കാരണം പുതുതായി എത്തുന്നവരുടെയെല്ലാം ഡയാലിസിസ് സ്വകാര്യ ആശുപത്രികൾക്ക് കൈമാറി തടിയൂരാനുള്ള ശ്രമവും നടക്കുന്നുണ്ട്. പക്ഷെ ഇങ്ങനെ പോകുന്നവരെല്ലാം ആഴ്ചകൾക്കുള്ളിൽ ഇ.എസ്.ഐയിലേക്ക് തന്നെ തിരികെവരും. ഡയാലിസിസിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുമ്പോൾ നൽകുന്ന ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ പ്രത്യേകം പണം വാങ്ങുന്നതിനാലാണ് രോഗികൾ തിരികെ വരുന്നത്.

സ്വകാര്യ ആശുപത്രിയിലെ പണച്ചെലവ് താങ്ങാനാകാത്തത് കൊണ്ടാണ് ഇ.എസ്.ഐ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്നത്. എന്നാൽ രോഗിയുടെ ആരോഗ്യത്തെ കൂടുതൽ അപകടത്തിലാക്കുന്ന തരത്തിലുള്ള കാലതാമസമാണ് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ ഉണ്ടാകുന്നത്.

ശാരദ, രോഗിയുടെ ബന്ധു