എഴുകോൺ: മോഷണക്കേസിൽ തിടുക്കപ്പെട്ട് കുറ്റപത്രം സമർപ്പിച്ച എഴുകോൺ പൊലീസിന് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ രൂക്ഷവിമർശനം. എഴുകോൺ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി കേസുകളിൽ 90 ദിവസം കഴിഞ്ഞിട്ടുംകുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ഈ മോഷണക്കേസിൽ തിടുക്കപ്പെട്ട് കുറ്റപ്പത്രം സമർപ്പിച്ചതിൽ ബാഹ്യ സമ്മർദ്ദമുണ്ടോ എന്നുമായിരുന്നു കോടതിയുടെ ചോദ്യം.
കഴിഞ്ഞ മാർച്ച് 20ന് പകൽ 11ന് കെ.എസ്. ആർ.ടി.സി ബസിൽ ചീരങ്കാവിൽ നിന്ന് എഴുകോണിലേക്ക് യാത്രചെയ്ത യുവതിയുടെ ബാഗിൽ നിന്ന് 2000 രൂപ മോഷ്ടിച്ച കേസിൽ കൊയമ്പത്തൂർ സ്വദേശിനി സെൽവിയെ എഴുകോൺ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി 13-ാം ദിവസമായ ഇന്നലെ കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു. ഇത് പരിശോധിക്കവെയാണ് എഴുകോൺപൊലീസിന്റെ നടപടിയിൽ കോടതി സംശയം പ്രകടിപ്പിച്ചത്.
അതേസമയം റിമാൻഡിലുള്ള പ്രതിയായ കോയമ്പത്തൂർ സ്വദേശിനിയെ പൊലീസിന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിൽ എത്തിച്ചതിലും നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് കോടതി സംശയം ഉന്നയിച്ചു. ഇക്കാര്യത്തിൽ എഴുകോൺ എസ്.എച്ച്.ഒ അടിയന്തര റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.