പാരിപ്പള്ളി: മദ്യലഹരിയിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിലെ പ്രതിയെ പാരിപ്പളളി പോലീസ് പിടികൂടി. പുലിക്കുഴി ചരുവിള വീട്ടിൽ മനു ഏലിയാസ് കണ്ണനാണ് (35) അറസ്റ്റിലായത്. ഇളങ്കുളം ചരുവിള വീട്ടിൽ തുളസിയുടെ മകൻ ഉമേഷിനാണ് (28) വെട്ടേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ഉമേഷ് സുഹൃത്തായ സതീശിന്റെ സഹോദരിയുടെ ഇളംകുളത്തുളള വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെ സതീശിന്റെ സുഹൃത്തായ ഉണ്ണിയും ഉമേഷുമായി വാക്കുതർക്കം ഉണ്ടായി. തൊട്ടടുത്ത വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മനു ശബ്ദം കേട്ട്, കയ്യിൽ കിട്ടിയ വെട്ടുകത്തിയുമായി എത്തി ഉമേഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് താഴെയും കൈപ്പത്തിയിലും മുതുകത്തും വെട്ടേറ്റ ഉമേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാൻ ശ്രമം നടത്തിയ മനുവിനെ പാരിപ്പളളി പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മനു നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാരിപ്പളളി എസ്.ഐ സുബ്രഹ്മണ്യൻ പോറ്റി, എ.എസ്.ഐമാരായ ജയൻ, അനീഷ്, സി.പി.ഒ രവിശങ്കർ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.