കൊല്ലം: വരൾച്ച രൂക്ഷമായതോടെ കൊല്ലം കോർപ്പറേഷൻ കുടിവെള്ള വിതരണം ഊർജ്ജിതമാക്കി. ദിവസം 12 ടാങ്കറിലാണ് വിവിധ മേഖലകളിൽ വെള്ളമെത്തിക്കുന്നത്.
തീരപ്രദേശത്തിന് പുറമെ മങ്ങാട്, തൃക്കടവൂർ, അയത്തിൽ മേഖലകളിലും വെള്ളമെത്തിക്കുന്നുണ്ട്. ശക്തികുളങ്ങരയിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ അവിടെയും ടാങ്കറുകൾ എത്തുന്നുണ്ട്. തീരമേഖലയിൽ കുടിവെള്ള സ്രോതസ് പരിമിതമായതിനാലാണ് വേനലിന്റെ തുടക്കത്തിൽ തന്നെ ജലവിതരണം ആരംഭിക്കേണ്ടി വരുന്നത്. ഞാങ്കടവ് കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യപ്പെടുന്നതോടെ കോർപ്പറേഷനിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കപ്പെടുമായിരുന്നു. എന്നാൽ സാങ്കേതിക തടസങ്ങൾ മൂലം പദ്ധതി എന്ന് യാഥാർത്ഥ്യമാകുമെന്നതിൽ അനിശ്ചിതത്വമുണ്ട്. നിലവിൽ ശാസ്‌താംകോട്ട ശുദ്ധജല തടാകത്തിന് പുറമെ ജല അതോറിട്ടി നിർമ്മിച്ച കുഴൽ കിണറുകളെയും കോർപ്പറേഷൻ ആശ്രയിക്കുന്നുണ്ട്.
കളക്‌ടറുടെ ബംഗ്ലാവിന് എതിർവശത്തുള്ള കുഴൽകിണറാണ് പ്രധാന ആശ്രയം. മങ്ങാട്, അറുനൂറ്റിമംഗലം ഭാഗങ്ങളിൽ പുതിയ കുഴൽകിണറുകൾ കമ്മിഷൻ ചെയ്യപ്പെടുന്നതോടെ കുടിവെള്ള വിതരണത്തിന് കൂടുതൽ സ്രോതസുകളാകും. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ഇൻസ്‌പെക്‌ടറാണ് ജലവിതരണത്തിന്റെ മുഴുവൻ സമയ ഏകോപനം നിർവ്വഹിക്കുന്നത്.