കൊല്ലം: 'വോട്ടിന് വേണ്ടിയുള്ള വാഗ്ദാനമല്ലിത്, എന്നും നിങ്ങളിൽ ഒരാളായി നിങ്ങൾക്കൊപ്പം ഞാനുണ്ടാകും'... കൊല്ലം ലോക് സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് ജനങ്ങളോട് പറയാനുള്ളത് ഇതുമാത്രമാണ്.
പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഇന്നലെ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് തിരുമുല്ലവാരം ക്ഷേത്രം സന്ദർശിച്ച ശേഷം തിരുമുല്ലവാരം പള്ളി കോളനിയിലാണ് ആദ്യം വോട്ട് തേടിയത്. രാവിലെ മുതൽ തന്നെ ചൂട് അവഗണിച്ച് കാത്തുനിന്നിരുന്നവരുടെ ഇടയിലേക്ക് സ്ഥാനാർത്ഥി എത്തി. ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചും അവർ സ്വീകരിച്ചു. കൃഷ്ണകുമാറിന്റെ കൈകൾ പിടിച്ച് ഒപ്പമുണ്ടാകുമെന്ന് നാട്ടുകാർ ഉറപ്പ് നൽകി.
ജനങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ക്ഷമയോടെ സ്ഥാനാർത്ഥി കേട്ടു. താരജാഡയില്ലാതെ അവരെ ചേർത്തുനിറുത്തി ആശ്വസിപ്പിച്ചു. കാലങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുമെന്നും ജയിച്ചാലും തോറ്റാലും ഒപ്പമുണ്ടാകുമെന്ന് സ്ഥാനാർത്ഥി ഉറപ്പ് നൽകി. നിറചിരിയോടെ കൈകൾ കൂപ്പി അഭിവാദ്യം ചെയ്തായിരുന്നു മടക്കം.
തുടർന്ന് യുവവോട്ടർമാരുടെ വോട്ടുതേടി സ്ഥാനാർത്ഥി എത്തിയത് മനയിൽകുളങ്ങര വനിത ഐ.ടി.ഐയിലേക്കാണ്. ഇതിനിടെ വാഹനം നിറുത്തി കരിക്ക് കുടിച്ച് ദാഹം അൽപ്പം ശമിപ്പിച്ചു. കാമ്പസിലെത്തിയ സ്ഥാനാർത്ഥിയെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാർത്ഥിനികൾ സ്വീകരിച്ചു. എല്ലാ ക്ലാസുകളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. നടൻ കൂടിയായ സ്ഥാനാർത്ഥിയെ കണ്ടപ്പോൾ സെൽഫിയെടുക്കാനും അവർ മത്സരിച്ചു. തുടർന്ന് മാമൂട്ടിക്കടവ്, താമരക്കുളം എന്നിവിടങ്ങളിലേയ്ക്കായിരുന്നു പ്രചാരണം. വിവിധ വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. ഓട്ടോറിക്ഷാ തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു.
അക്കൗണ്ട് തുറക്കാൻ കഠിനശ്രമം
കൊല്ലത്ത് അക്കൗണ്ട് തുറക്കാൻ കഠിനമായി പരിശ്രമിക്കുകയാണ് കൃഷ്ണകുമാറും പ്രവർത്തകരും. വേനൽ ചൂടിൽ നാട് തളരുമ്പോഴും കിതയ്ക്കാതെ ആവേശത്തോടെയാണ് പ്രചാരണം. വൈകിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഗുണം ചെയ്യുമെന്ന് കൃഷ്ണകുമാർ പറയുന്നു. ആദ്യം പ്രചാരണം തുടങ്ങിയവർ തളർന്നു. അപ്പോഴാണ് ഞാൻ തുടങ്ങിയത്. ചൂട് ഒരു പ്രശ്നമേ അല്ല. മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലായി. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ജനങ്ങൾ കാണുന്നത്. നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ട്. അവകാശ വാദങ്ങളൊന്നും ഇല്ല. മനുഷ്യനെ മനസിലാക്കി ചേർത്തുനിറുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും കൃഷ്ണകുമാർ പറഞ്ഞു.