കൊല്ലം: നവീകരണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനടുത്തേക്കു മാറ്റിയ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിന് മേൽക്കൂര നിർമ്മിക്കാതെ കരാറുകാരൻ പിൻമാറിയതോടെ വാഹനങ്ങൾ വെയിലും മഴയുമേറ്റ് വലയുന്നു. റോഡരികിൽ പാർക്ക് ചെയ്യുമ്പോഴുള്ള പിഴയിൽ നിന്ന് തലയൂരാമെന്ന ഒറ്റ ഗുണം മാത്രമേ നിലവിൽ ഈ പാർക്കിംഗ് കേന്ദ്രത്തിനുള്ളൂ. ഫീസ് നൽകിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
പാർക്കിംഗ് കേന്ദ്രത്തിന്റെ കരാറിൽ മേൽക്കൂര അടക്കമുള്ള സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും കാലാവധി അവസാനിക്കാറായതിനാൽ കരാറുകാരൻ കൈയിൽ നിന്നു കാശിറക്കാൻ മെനക്കെട്ടില്ല. എയർപോർട്ട് മോഡൽ നവീകരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്രവേശന കവാടത്തിലെ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ചപ്പോഴാണ് ഇവിടെ പ്രവർത്തിച്ചിരുന്ന പാർക്കിംഗ് കേന്ദ്രം മാറ്റിയത്. റെയിൽവേ സ്റ്റേഷൻ കരാറുകാർക്ക് തന്നെ താത്കാലിക കേന്ദ്രത്തിന്റെയും നടത്തിപ്പ് ചുമതല നൽകി. കരാർ കമ്പനി നിരപ്പാക്കിയ സ്ഥലത്ത് തറയോടുകൾ പാകിയതൊഴിച്ചാൽ യാതൊരു സംരക്ഷണ സംവിധാനങ്ങളും നടത്തിപ്പുകാർ ഒരുക്കിയിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഫീസ് പിരിക്കുന്നതിനെതിരെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം പതിവായി. നിലവിലെ കരാർ വരുന്ന ഡിസംബറിൽ അവസാനിക്കും. അതിനാൽ മേൽക്കൂര സ്ഥാപിക്കണമെന്ന് സ്റ്റേഷൻ അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ മൈൻഡ് ചെയ്യുന്നില്ല. റെയിൽവേ സ്റ്റേഷന് സമീപത്തെ റോഡരികിലെ പാർക്കിംഗിന് പൊലീസ് പിഴ ചുമത്താൻ തുടങ്ങിയതോടെ വേറെ വഴിയില്ലാത്ത അവസ്ഥയിലാണ് വാഹന ഉടമകൾ.
4500 വാഹനങ്ങൾ
നിലവിൽ താത്കാലിക പാർക്കിംഗ് കേന്ദ്രം പ്രവർത്തിക്കുന്നിടത്ത്, റെയിൽവേ സ്റ്റേഷൻ വികസനം പൂർത്തിയാവുന്ന മുറയ്ക്ക് 4500 ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന കേന്ദ്രം എയർപോർട്ട് മോഡൽ വികസന പദ്ധതിയുടെ രൂപരേഖയിലുണ്ട്. അതിന് പുറമേ റെയിൽവേ സ്റ്റേഷനോട് ചേർന്ന് മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
നിരീക്ഷണ ക്യാമറയില്ല
കരാർ വ്യവസ്ഥ പ്രകാരമുള്ള നിരീക്ഷണ ക്യാമറയും താത്കാലിക കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടില്ല. വാഹനങ്ങൾ മോഷണം പോയാൽ ജീവനക്കാർ കൈമലർത്തുമെന്നുറപ്പ്.
പാർക്കിംഗ് ഫീസ് (24 മണിക്കൂർ)
ഇരുചക്ര വാഹനങ്ങൾ: 20
ഓട്ടോ, കാർ- 50
കരാർ ചെന്നൈ അസ്ഥാനമായുള്ള കമ്പനിക്ക്
ഫീസ് പിരിക്കാൻ നാല് വനിതാ ജീവനക്കാർ