rail

കൊല്ലം: കൊല്ലം റെയിൽവേ സ്​റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അതി​വേഗം നടക്കുന്ന നി​ർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്നോണം, പുതിയ ഓഫീസ് സമുച്ചയം മേയി​ൽ കമ്മി​ഷൻ ചെയ്യും. 27,500 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നുനില കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

നി​ലവി​ലെ പ്രധാന കെട്ടിടത്തിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് വൈകാതെ മാറ്റും. ഇതിനുശേഷം ഘട്ടം ഘട്ടമായി പ്രധാനകെട്ടിടം പൊളിച്ചുമാറ്റും. സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയായി. ഏപ്രിലി​ൽ കെട്ടിടം കൈമാറാനാണ് തീരുമാനം. തെക്ക് ഭാഗത്തെ ടെർമിനലിലെ പൈലിംഗ് ജോലികൾ തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള എയർ കോൺകോഴ്സിന്റെ നിർമ്മാണവും ആരംഭിച്ചു. പൈലിംഗ് അവസാനഘട്ടത്തിലാണ്. വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളാണ് എയർ കോൺകോഴ്‌സിൽ ഒരുക്കുന്നത്. 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും യോജിപ്പിക്കുന്നതും എല്ലാ പ്ലാറ്റുഫോമുകളെയും ബന്ധിപ്പിക്കുന്നതുമാണ് എയർ കോൺകോഴ്‌സ്. നാല് എസ്‌കലേറ്ററുകളും നാലു ലിഫ്ടുകളും സ്ഥാപിക്കും. യാത്രക്കാർക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും പ്രത്യേക വഴികൾ, ഫുഡ്കോർട്ട്, എ.ടി.എമ്മുകൾ, മാളുകൾ എന്നിവയെല്ലാം ഉണ്ടാകും.

വടക്കുവശമുള്ള രണ്ടാം ടെർമിനലിൽ ടിക്കറ്റ് കൗണ്ടർ, ബുക്കിംഗ് ഓഫീസ്, ബാഗേജ് സ്‌കാനർ, കമ്പ്യൂട്ടർ ബേസിഡ് എനർജി എക്‌സ് റേ, മൾട്ടി എനർജി എക്‌സ്‌റേ എന്നിവ ഒരുക്കും. പാഴ്‌സൽ സർവീസിന് എലിവേറ്റഡ് ട്രോളി പാത്ത് തയ്യാറാക്കും.

പാർക്കിംഗിന് പരിഹാരം

പ്രധാന റോഡിനോട് ചേർന്ന് നിർമ്മാണം പുരോഗമിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് (എം.എൽ.സി.പി) സംവിധാനവും മേയി​ൽ പൂ‌ർത്തിയാക്കാനാണ് ശ്രമിക്കുന്നത്. അഞ്ച് നിലകളുണ്ട്. രണ്ട് നിലകളുടെ പണി മാത്രമാണ് ബാക്കിയുള്ളത്. സമുച്ചയത്തിൽ രണ്ട് ലിഫ്ടുകളുണ്ടാകും. ഒരേ സമയം 239 ബൈക്കുകളും 150 കാറുകളും പാർക്ക് ചെയ്യാം. എം.എൽ.സി.പിയുടെ പണി പൂർത്തിയാകുന്നതോടെ പാർക്കിംഗ് പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. ട്രെയി​ൻ യാത്രക്കാർക്ക് പുറമേ നഗരത്തിൽ എത്തുന്നവർക്കും വാഹനം പാർക്ക് ചെയ്യാം. വടക്കുവശം രണ്ടാം പ്രവേശന കവാടത്തിൽ 146 നാലുചക്ര വാഹനങ്ങളും 252 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം.

പൂർത്തിയായവ

 ഗാംഗ് റൂം  സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസ് കെട്ടിടം  എസ്.എം.പി മാർക്കറ്റിന് സമീപം 65 കാറുകളും 610 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് ഏരിയ

 ആകെ ചെലവ്: 361.18 കോടി

കരാർ നൽകിയത് 2022 ൽ

 കരാർ ഏറ്റെടുത്തത് റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനിയറിംഗും (റൈറ്റ്സ്) ബംഗളൂരു ആസ്ഥാനമായ സിദ്ധാർത്ഥ സിവിൽ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡും

 നിർമ്മാണം പൂർത്തിയാക്കേണ്ടത് 2026 ജനുവരി 21ന്

2025 നവംബറിൽ പൂർത്തിയായേക്കും

2041 വരെ ലക്ഷ്യമിട്ടുള്ള വികസന പദ്ധതി

മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയത്തിന്റേതടക്കം നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും.

റെയിൽവേ അധികൃതർ