കൊല്ലം: കൊല്ലം പൂരം 15ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു മഹോത്സവത്തിന് നാളെ കൊടിയേറും. പകൽ 11നും 11.30നും മദ്ധ്യേ തന്ത്രി മുഖ്യൻ രമേശ് ഭാനു ഭണ്ഡാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റം.

എല്ലാ ദിവസവവും ഉദയാസ്തമയ ഭാഗവതപാരായണം, നാരായണീയ പാരായണം, സോപാനസംഗീതം, ഓട്ടൻതുള്ളൽ, പാഠകം, സംഗീത കച്ചേരി, പഞ്ചവാദ്യം, വേലകളി, ആത്മീയ പ്രഭാഷണം, കഥാപ്രസംഗം, നൃത്തനൃത്യങ്ങൾ, ഭക്തിഗാനമേളകൾ തുടങ്ങിയവും ഉണ്ടാകും. കൊടിയേറ്റ് സദ്യ, വിഷു സദ്യ, പൂര സദ്യ കൂടാതെ എല്ലാ ദിവസവും ക്ഷേത്രത്തിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്. വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര 13ന് വൈകിട്ട് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. 14 ന് രാത്രി പള്ളിവേട്ട.

പൂര ദിനമായ 15 ന് ആനനീരാട്ട്, ആനഊട്ട് എന്നിവ ഉണ്ടാകും. വൈകിട്ട് 4 നും 4.30നും മദ്ധ്യേ കൊടിയിറങ്ങിയതിന് ശേഷം ഭഗവാൻ ആറാട്ടിനായി എഴുന്നള്ളി നിൽക്കും. ഈ സമയം താമരക്കുളം ശ്രീമഹാഗണപതിയുടെയും ശ്രീ പുതിയകാവ് ഭഗവതിയുടെയും തിടമ്പേറ്റുന്ന ആനകൾ ക്ഷേത്രമുറ്റത്ത് അണിനിരന്ന് മേളവും കുടമാറ്റവും അരങ്ങേറും. തുടർന്ന് ആറാട്ടെഴുന്നള്ളത്ത്. ശേഷം ആശ്രാമം മൈതാനത്ത് മേളങ്ങളുടെ അകമ്പടിയോടെ കുടമാറ്റം നടക്കും.

പൂരത്തിന്റെ അപൗചാരിക ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. പൂരം ചെയർമാൻ ഡോ. ബി.രവി പിള്ള ഭദ്രദീപം തെളിക്കും. മന്ത്രി ജെ.ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എം.പി, എം.എൽ.എമാർ, ‌കളക്ടർ, ‌കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. അഡ്വ. മംഗലത്ത്.കെ.ഹരികുമാർ, വി.പി.വിമൽ റോയ്, എ.എൻ.സുരേഷ് ബാബു, എസ്.സി.എസ്.നായർ, ജി.സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.