
കൊല്ലം: മോർച്ചറി പൊളിച്ചുനീക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ജില്ലാ ആശുപത്രിയിലെ ഹൈടെക് കെട്ടിട സമുച്ചയ നിർമ്മാണ പ്രതിസന്ധിയിൽ. ഉപയോഗശൂന്യമായ സ്ഥലത്ത് മോർച്ചറി പുനഃസ്ഥാപിക്കാമെന്ന നിലപാടിലാണ് നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബി. എന്നാൽ വിക്ടോറിയ ആശുപത്രിക്ക് സമീപം മോർച്ചറിക്കായി താത്കാലിക കെട്ടിടം നിർമ്മിച്ചു നൽകണമെന്ന ആവശ്യത്തിലാണ് ജില്ലാ ആശുപത്രി അധികൃതർ.
മോർച്ചറി പൊളിക്കാനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായെങ്കിലും തർക്കം കാരണം പൊളിക്കൽ നീട്ടിവച്ചിരിക്കുകയാണ്. മോർച്ചറി പൊളിച്ചുമാറ്റി ഇവിടെ നടന്നിരുന്ന പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ തീരുമാനം. എന്നാൽ ജനകീയ ആവശ്യം കണക്കിലെടുത്ത് ജില്ലാ ആശുപത്രിയിൽ തന്നെ താത്കാലിക സംവിധാനം ഏർപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജില്ലാ ആശുപത്രി അധികൃതർ. ഇതേ തുടർന്നാണ് പൊളിച്ചുനീക്കുന്ന മോർച്ചറി ഒഴിഞ്ഞ കെട്ടിടത്തിൽ പുനഃസ്ഥാപിച്ച് നൽകാമെന്ന നിലപാടിൽ കെ.എസ്.ഇ.ബി എത്തിയത്.
എന്നാൽ പത്ത് ലക്ഷത്തോളം രൂപ അധികം ചെലവിട്ട് മോർച്ചറിക്കായി താത്കാലിക കെട്ടിടം നിർമ്മിക്കാനാകില്ലെന്ന് കിഫ്ബി അധികൃതർ ഉറപ്പിച്ചു പറയുന്നു. തർക്കം നീളുന്നതിനാൽ നിർമ്മാണോദ്ഘാടനം നടന്ന് ഒരുമാസത്തിലേറെയായിട്ടും പുതിയ സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകാത്ത സ്ഥിതിയാണ്.
ആദ്യഘട്ട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലുണ്ടായിരുന്ന കെ.എച്ച്.ആർ.ഡബ്ല്യു.എസ് വാർഡ്, ആർ.എം.ഒ ക്വാർട്ടേഴ്സ് എന്നിവ പൊളിച്ചുനീക്കി. ലിംബ് ഫിറ്റിംഗ് സെന്റർ, ബ്ലഡ് ബാങ്ക് എന്നിവയുടെ പൊളിക്കലാണ് നടന്നുവരുന്നത്. എന്നിട്ടും മോർച്ചറിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
തർക്കം പൊളിക്കൽ മുടക്കി
മോർച്ചറി കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് തർക്കം
താത്കാലിക സംവിധാനം ഒരുക്കാമെന്ന് കെ.എസ്.ഇ.ബി
പുതിയ കെട്ടിടം വേണമെന്ന് ജില്ലാ ആശുപത്രി അധികൃതർ
താത്കാലിക കെട്ടിടം നിർമ്മിക്കാനാകില്ലെന്ന് കിഫ്ബി
തർക്കം മുറുകിയതോടെ കെട്ടിട നിർമ്മാണം വൈകുന്നു
ഒരാഴ്ചയ്ക്കുള്ളിൽ ടെസ്റ്റ് പൈൽ
പുതിയ സമുച്ചയത്തിന്റെ ടെസ്റ്റ് പൈലിംഗ് ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ഒരമാസത്തിന് ശേഷം പൂർണതോതിൽ പൈലിംഗ് തുടങ്ങും.
ആകെ പൈലുകൾ - 90
എസ്റ്റിമേറ്ര് തുക ₹ 142 കോടി
ആദ്യഘട്ട നിർമ്മാണം ₹ 132 കോടി
സ്ഥലം കൈമാറാൻ ആവശ്യപ്പെട്ടിട്ട് - 4 വർഷം
പ്രാഥമിക രൂപരേഖ തയ്യാറായപ്പോൾ തന്നെ ആദ്യഘട്ട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി സ്ഥലം കൈമാറണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ജില്ലാ ആശുപത്രി അധികൃതർ നടപടികൾ വൈകിപ്പിക്കുകയാണ്.
കെ.എസ്.ഇ.ബി, നിർവഹണ ഏജൻസി