പുത്തൂർ: നവീകരണ പ്രവർത്തനങ്ങൾ ഫലംകണ്ടില്ല. പുത്തൂർ പഴയചിറ വീണ്ടും നാശത്തിലേക്ക്. വേനൽ കടുത്തപ്പോൾ ചിറയിലെ ഒരു തുള്ളിവെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് നാട്ടുകാരും. ഒരു വർഷം മുൻപ് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയിലെ പായൽ വാരി മാറ്റിയതാണ്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നേകാൽ ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയും ചേർത്തുള്ള നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംരക്ഷണ ഭിത്തികളുടെ തകരാറുകൾ മാറ്റി, ചിലയിടങ്ങൾ ഇടിച്ച് പുനർ നിർമ്മിച്ചു. കരവെള്ളം ഇറങ്ങാത്തവിധം തോട് തെളിച്ച് വൃത്തിയാക്കുകയും ചെയ്തു. എന്നാൽ അതെല്ലാം വെറുതെയായ സ്ഥിതിയാണ്.
പായൽ വാരി മാറ്റണം
വേനൽക്കാലം രൂക്ഷമായതോടെ പ്രദേശത്തെല്ലാം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. തൊട്ടടുത്ത് ജില്ലാ പഞ്ചായത്തിന്റെ സായന്തനം വയോജന കേന്ദ്രവും പ്രവർത്തിക്കുന്നു. ചിറയിൽ പായൽ മൂടിയത് വലിയ ദോഷമായി മാറും. പായൽ വേനലിൽ ഉണങ്ങുന്നു. ശേഷിച്ചവ വെള്ളത്തിൽ അഴുകിച്ചേർന്ന് ദുർഗന്ധം വമിക്കും. അതിന് മുൻപായി പായൽവാരി ചിറ വൃത്തിയാക്കിയാൽ പ്രദേശത്തുകാർക്ക് അനുഗ്രഹമായി മാറും. കുളിക്കാനും തുണി അലക്കാനും വാഹനങ്ങൾ കഴുകാനുമൊക്കെ ഉപകരിക്കും. അത്യാവശ്യം കൃഷിപ്പണികൾക്കും നിർമ്മാണ ജോലികൾക്കുമൊക്കെ ചിറയിലെ വെള്ളം എടുക്കാനുമാകും. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചിറ. എന്നാൽ ചിറ വൃത്തിയാക്കുന്ന കാര്യത്തിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകുന്നില്ല. നാടിന് പഴവറയെന്ന പേര് ലഭിച്ചതും ചിറയിൽ നിന്നാണ്.
വെള്ളം കുറഞ്ഞു
കടുത്ത വേനലിൽ ചിറയിലെ വെള്ളം ഗണ്യമായി കുറഞ്ഞു. ചെളികോരിമാറ്റി ഊറ്റുചാലുകൾ തുറക്കേണ്ടതുണ്ട്. വെള്ളം കുറവായതിനാൽ പായൽ വാരി മാറ്റാനും എളുപ്പമാണ്.