a
ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

ഓയൂർ: ഓട്ടോ ഡ്രൈവറെ അടിച്ച് മാരകമായി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. പരുത്തിയറ രാജീവ് ഭവനിൽ രാജീവ് (42) ആണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. വെളിയം പരുത്തിയറ ഓട്ടോസ്റ്റാന്റിലെ ഡ്രൈവർ വെളിയം കോളനി ശ്രീജിത് ഭവനിൽ സന്തോഷാണ് ( 52 ) മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരുത്തിയറ ഓട്ടോ സ്റ്റാന്റിന് സമീപത്തെ വിശ്രമ കേന്ദ്രത്തിൽ നിന്ന സന്തോഷും രാജീവും തമ്മിൽ അടികൂടി. തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സന്തോഷ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് . സംഭവത്തിന് രണ്ടു ദിവസം മുൻപ് വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് അമ്പലത്തിലെ ഉത്സവത്തിനിടെ രാജീവും സന്തോഷുമായി വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് പരുത്തിയറയിലെ സംഘട്ടനം. വധശ്രമത്തിന് കേസെടുത്ത രാജീവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. പൂയപ്പള്ളി സി.ഐ. ഷാജിമോൻ, എസ്.ഐ. രജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.