കൊല്ലം: നാമനിർദ്ദേശ പത്രികയിൽ നൽകിയ വിവരങ്ങൾ പ്രകാരം എൻ.കെ.പ്രേമചന്ദ്രന് 25.8 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കൾ മാത്രം. 28000 രൂപ കൈവശമുണ്ട്. 5.1 ലക്ഷം രൂപ വിവിധ ബാങ്കുകളിൽ നിക്ഷേപമായുമുണ്ട്. ഭാര്യയ്ക്ക് 52.5 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇരുവരും ചേർന്ന് 6.7 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. പ്രേമചന്ദ്രന് സ്വന്തമായി അര ഏക്കർ ഭൂമിയുണ്ട്. ഭാര്യയ്ക്ക് വിവിധ സ്ഥലങ്ങളിലായി മൂന്നര ഏക്കർ ഭൂമിയും. കൂടാതെ താമസിക്കുന്ന വീടും തിരുവനന്തപുരത്ത് ഫ്‌ളാറ്റുമുണ്ട്. ഇവയ്‌ക്കെല്ലാമായി കണക്കാക്കിയിരിക്കുന്നത് 2.39 കോടി രൂപയാണ്. സ്വന്തം പേരിൽ പ്രേമചന്ദ്രന് 3 ലക്ഷം രൂപയുടെ (സ്വർണ വായ്പ) ബാദ്ധ്യതയുണ്ട്. ഭാര്യയ്ക്ക് 10 ലക്ഷം രൂപയുടെയും (സ്വർണ, എൽ.ഐ.സി വായ്പകൾ). കൂടാതെ, ഇരുവരും ചേർന്നെടുത്ത 25 ലക്ഷം രൂപയുടെ ഭവനവായ്പയും ബാദ്ധ്യതയായി സത്യവാങ്മൂലത്തിൽ പറയുന്നു. 50400 രൂപ മൂല്യമുള്ള ഒരു പവൻ സ്വർണം പ്രേമചന്ദ്രന്റെ പേരിലുണ്ട്. ഭാര്യയ്ക്ക് 25.2 ലക്ഷം രൂപ മൂല്യമുള്ള 50 പവൻ സ്വർണവുമുണ്ട്. കൊവിഡ് കാലത്ത് എടുത്ത കേസ് ഉൾപ്പെടെ 5 കേസുകളാണ് പ്രേമചന്ദ്രന്റെ പേരിൽ നിലവിലുള്ളത്. കേസുകൾ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും ഒരു കേസ് ശക്തികുളങ്ങര പൊലീസും ഒരെണ്ണം എറണാകുളം ഹാർബർ പൊലീസുമാണ് എടുത്തിട്ടുള്ളത്. കേസുകൾ വിവിധ മജിസ്‌ട്രേട്ട് കോടതികളുടെ പരിഗണനയിലാണ്.