പടിഞ്ഞാറെ കല്ലട: കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പോരുവഴി, നടുവിലമുറി കൊല്ലന്റയ്യത്ത് വീട്ടിൽ ചിന്നമ്മ ജോർജ്ജ്(80) ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സ്വന്തം പുരയിടത്തിലെ 40 അടി താഴ്ചയുള്ള ഗ്രില്ലിട്ട കിണറ്റിൽ, ഗ്രില്ല് തുറന്നു കിടന്ന ഭാഗത്ത് കൂടി വഴുതി വീഴുകയായിരുന്നു. നാട്ടുകാരായ രണ്ടുപേർ കിണറ്റിൽ ഇറങ്ങി വെള്ളത്തിൽ താഴ്ന്നു പോകാതെ ഇവരെ ഉയർത്തി നിറുത്തുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. രാജേഷ് കിണറ്റിൽ ഇറങ്ങി മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ ചിന്നമ്മയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രമേഷ്ചന്ദ്ര, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്, വിജേഷ്, ഗോപൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാജീവൻ, ഹോം ഗാർഡ് വി.പ്രദീപ് , ബിജു, ശിവപ്രസാദ്, ഷിജു ജോർജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.