കൊല്ലം: സാമൂഹിക - സാംസ്‌കാരിക മണ്ഡലങ്ങളിലും കരാർ മേഖലകളിലും ഏത് പ്രതിസന്ധി ഘട്ടത്തിലും ഏത് ആവശ്യത്തിനും ഉണ്ടായിരുന്ന കൊല്ലത്തെ നിറസാന്നിദ്ധ്യമായിരുന്നു പി.വിശ്വനാഥനെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. ജില്ലാ ഗവ. കോൺട്രാക്‌ടേഴ്‌സ് സഹകരണ സംഘത്തിന്റെയും പി.വിശ്വനാഥൻ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ പി.വിശ്വനാഥന്റെ നാലാം ചരമവാർഷിക ദിനാചരണം ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
രാഷ്ട്രീയത്തിനതീതമായ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. സാമൂഹിക - സാംസ്‌കാരിക പരിപാടികളിലും ഏത് നല്ലകാര്യത്തിലും ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കരാർ മേഖലയെ ഇത്തരത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന് അറിയപ്പെടുന്ന പ്രസ്ഥാനമാക്കി മാറ്റുന്നതിന് ഒപ്പം നിന്ന് പ്രവർത്തിച്ചയാളാണ് പി.വിശ്വനാഥൻ.

കരാർ മേഖലയെന്നല്ല എല്ലാ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് ഇപ്പോൾ. ഓരോ മേഖലയിലും നിരവധിയായിട്ടുള്ള പ്രശ്‌നങ്ങളുണ്ട്. കരാറുകാരെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടിലാണ് നേരിടുന്നത്. വികസന പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ കരാറുകാരുമായി ചേർന്നേ നടത്താനാകൂ. ഇപ്പോൾ വന്നിരിക്കുന്ന ധന പ്രതിസന്ധിയുടെ ഉത്തരവാദിത്വം ആർക്കാണെന്ന് നമുക്കറിയാം. ആ ഘട്ടത്തിലേക്ക് രാജ്യത്തെ എത്തിച്ചതിന്റെ തിക്ത ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജോലിക്ക് ആശ്രയിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് നമ്മുടെരാജ്യം മാറി. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെടുക്കുന്ന കരാറും നാട്ടിലെ കരാറുകാരെടുക്കുന്ന വർക്കുകളും അതിന്റെ രീതികളും തമ്മിൽ വ്യത്യാസമുണ്ട്. അതിനൊക്കെ ഒരു മാറ്റം വരണം. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് നാം ഇടപെട്ടുകൊണ്ടിരിക്കുന്നത്. കോൺട്രാക്ടർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിൽ നിന്ന് അനുഭാവപൂർവമായ തീരുമാനമുണ്ടാകാൻ വേണ്ടി അനുദിനം ബന്ധപ്പെടുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരുമിച്ച് പോകാനാകണമെന്ന് മേയർ കൂട്ടിചേർത്തു

ചടങ്ങിൽ പ്രൊഫ. ടി.വി.രാജു അദ്ധ്യക്ഷനായി. അഡ്വ. ബേബിസൺ അനുസ്മരണപ്രഭാഷണം നടത്തി. സംഘം ഡയറക്ടർ ബോർഡ് അംഗം എസ്.ഷേർളി മേയറെ പൊന്നാടയണിയിച്ച് ആദരിച്ചു.

കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബാഹുലേയൻ, എ.കെ.ജി.സി.എ സെക്രട്ടറി ബദറുദ്ദീൻ, കെ.ജി.സി.എ ജില്ലാ ട്രഷറർ നുജും, സംസ്ഥാന കമ്മിറ്റി അംഗം ഡി.ഹരി , പി.എച്ച്.റഷീദ്, ഡാനിയൽ, പി.കെ.അശോകൻ, എന്നിവർ പങ്കെടുത്തു. പി.വിശ്വനാഥൻ ഫൗണ്ടേഷൻ സെക്രട്ടറി പുണർതം പ്രദീപ് സ്വാഗതവും പട്ടത്താനം സുനിൽ നന്ദിയും പറഞ്ഞു.