കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ തെരുവ് വിളക്കുകൾ തെളിയാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസം മുതലാണ് റോഡ് ഇരുട്ടിലായത്. ചിന്നക്കട റൗണ്ടിന് സമീപത്തെയും റെയിൽവേ രണ്ടാം കവാടത്തിന് സമീപത്തെയും വിളക്കുകളാണ് പ്രകാശിക്കാത്തത്. വലയുന്നതിൽ ഏറെയും കാൽനട യാത്രക്കാരാണ്.

തിരക്കേറിയ ഇവിടെ രാത്രി ജോലികഴിഞ്ഞ് വരുന്ന സ്ത്രീകളും ട്യൂഷനും മറ്റും കഴിഞ്ഞ് വരുന്ന കുട്ടികളുമുൾപ്പെടെ വീട്ടിലേക്ക് പോകുന്നതും ബസ് കാത്ത് നിൽക്കുന്നതും വെളിച്ചം കുറഞ്ഞ ഈ മേഖലകളിലാണ്. പലപ്പോഴും എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണിവർ ബസ് സ്‌റ്റോപ്പുകളിലേക്കും മറ്റും എത്തുന്നത്. നടപ്പാതകളുടെ പണി നടക്കുന്നതിനാൽ മെറ്റലും ഇഷ്ടികയും ഉൾപ്പെടെയുള്ള സാമഗ്രികൾ ദേശീയപാതയോരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. രാത്രിയിൽ കാൽനട യാത്രികർ തട്ടി വീണ് പരിക്കേൽക്കുന്നതും പതിവായി.

അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ, ഈ ഭാഗത്ത് ഇരുട്ടിലൂടെ നടന്നുപോകുന്നവരെ അടുത്തെത്തുമ്പോഴാണ് കാണുന്നത്. പൊടുന്നനെ ബ്രേക്കിടുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടാകുന്നതും ഇവി​ടെ പതി​വായി​.. റംസാൻ- വിഷു കാലമായതിനാൽ രാത്രിയി​ൽ നഗരത്തി​ലെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ആയുസിന്റെ ബലം കൊണ്ട് മാത്രമാണ് പലരും സുരക്ഷിതമായി ദേശീയപാത കടക്കുന്നത്. എത്രയും വേഗം ഈ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി​ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

സാമൂഹ്യ വിരുദ്ധ ശല്ല്യവും

സന്ധ്യ മയങ്ങിയാൽ കൊല്ലം-തിരുമംഗലം ദേശീയപാതയിലും റെയിൽവേ രണ്ടാം കവാടത്തിന് സമീപത്ത് ബസ് കാത്തി​രി​പ്പ് കേന്ദ്രത്തി​ലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ഇവി​ടെ പൊലീസി​ന്റെ വേണ്ടത്ര ശ്രദ്ധയി​ല്ലാത്തതും ഇരുട്ടി​ന്റെ മറവുമാണ് അതിക്രമങ്ങൾക്ക് വഴി​ തെളി​ക്കുന്നത്. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടി​ട്ടും നടപടി ഉണ്ടാവുന്നി​ല്ലെന്ന് യാത്രക്കാർ പറയുന്നു.