കൊല്ലം: കടുത്ത വേനലിൽ കടലും തിളച്ചുമറിഞ്ഞ് തുടങ്ങിയതോടെ തീരത്ത് നിന്ന് അകന്ന് മത്സ്യക്കൂട്ടം. സീസണിൽ ലഭിക്കേണ്ട അയല, ചെമ്മീൻ, ചാള തുടങ്ങിയ മത്സ്യങ്ങളുടെ നാലിലൊന്ന് പോലും ഇപ്പോൾ ലഭിക്കുന്നില്ല. മറ്റ് ചെറുമത്സ്യങ്ങളും കിട്ടാനില്ല.
ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. കണവയും അയലയും ധാരാളമായി കിട്ടേണ്ട സമയമായിരുന്നു. വൻ തുക ചെലവഴിച്ച് കടലിൽ പോയാലും ചില ദിവസങ്ങളിൽ കാലി വള്ളവുമായാണ് മടങ്ങിവരവ്. ചെമ്മീൻ കൂട്ടവും നെത്തോലിയും കാണാൻ പോലുമില്ല.
സമുദ്രോപരിതലത്തിൽ ചൂട് വർദ്ധിച്ചതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ഉൾക്കടലിലേയ്ക്ക് വലിയാൻ കാരണം. കൂടാതെ അശാസ്ത്രീയ മത്സ്യബന്ധനവും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മുപ്പതഞ്ച് മുതൽ എഴുപതോളം പേർ പണിയെടുക്കുന്ന ഇൻബോർഡ് വള്ളം കടലിലിറക്കാൻ ഇന്ധന ചെലവ് ഉൾപ്പെടെ അൻപതിനായിരം രൂപയെങ്കിലും വേണം. നാലോ അഞ്ചോ പേർക്ക് ഉപയോഗിക്കാൻ കഴിയുന്ന മുറിവള്ളത്തിന് കുറഞ്ഞത് എണ്ണായിരം രൂപയെങ്കിലും എണ്ണക്കാശാകും. ദൂരം താണ്ടുന്നതിനനുസരിച്ച് ചെലവ് പതിനായിരത്തിന് മുകളിലുമാകും.
ലക്ഷങ്ങൾ മുടക്കി ദിവസങ്ങളോളം കടലിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കും നല്ല കോള് ലഭിക്കാറില്ല.
പൊന്തുവള്ളങ്ങളിലും മറ്റും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരും പട്ടിണിയുടെ വക്കിലാണ്. നേരം പുലരും മുമ്പ് വലയെറിഞ്ഞാലും മിക്കപ്പോഴും കറിക്കുള്ള മീൻ പോലും ലഭിക്കാറില്ല. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. മീൻ കിട്ടാതായതോടെ അനുബന്ധ മേഖലകളും വറുതിയിലാണ്.
വില്ലൻ കാലാവസ്ഥ വ്യതിയാനം
കലാവസ്ഥ വ്യതിയാനം മത്സ്യലഭ്യതയെ ബാധിച്ചു
തീരക്കടൽ ചൂടുപിടിച്ചതോടെ മത്സ്യങ്ങൾ ഉൾവലിഞ്ഞു
കാലിവല വലിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
മലിനീകരണവും അശാസ്ത്രീയ മത്സ്യബന്ധനവും പ്രതിസന്ധി
മുടക്കുമുതൽ പോലും കിട്ടാതെ മടക്കം
പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മത്സ്യലഭ്യത കുറവാണ്. കൈത്താങ്ങാകും വിധം പദ്ധതികൾ ആവിഷ്കരിക്കണം.
മത്സ്യത്തൊഴിലാളികൾ