കൊല്ലം: ലോക് സഭ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികകകളുടെ സൂക്ഷ്മപരിശോധനയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥന്റേതടക്കം മൂന്ന് പത്രികകൾ തള്ളി. എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും ഡമ്മികളുടേതാണ് തള്ളിയ മറ്റ് രണ്ട് പത്രികകൾ.

എയർഫോഴ്സ് കാലത്തെ താമസ സൗകര്യവുമായി ബന്ധപ്പെട്ട ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് നൽകാഞ്ഞതിനാലാണ് കൊട്ടാരക്കര കടയ്ക്കോട് സ്വദേശി എം.എസ്.മനുശങ്കറിന്റെ പത്രിക തള്ളിയത്. ലഡാക്കിൽ നിന്ന് സർജന്റായി വിരമിച്ചപ്പോഴുള്ള ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റേ മനുശങ്കറിന്റെ പക്കൽ ഉണ്ടായിരുന്നുള്ളു. ഇലക്ഷൻ വിഭാഗം ആവശ്യപ്പെട്ടപ്പോൾ പഴയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും മൂന്ന് മാസത്തിനുള്ളിലെ ആവശ്യപ്പെടുകയായിരുന്നു.

സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായ എസ്.ആർ.അരുൺബാബു, ബി.ജെ.പി ഡമ്മി സ്ഥാനാർത്ഥിയായ ശശികല റാവു എന്നിവരാണ് അയോഗ്യരായ മറ്റു രണ്ടുപേ‌‌ർ. പാർട്ടി സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിച്ചതോടെ സ്വാഭാവിക നടപടിക്രമപ്രകാരമാണ് ഇവർ പുറത്തായത്.

നോമിനേഷൻ പിൻവലിക്കാം

സൂക്ഷ്മ പരിശോധ പൂർത്തിയായ സാഹചര്യത്തിൽ 8ന് വൈകിട്ട് 3 വരെ നോമിനേഷൻ പിൻവലിക്കാൻ അവസരമുണ്ടായിരിക്കും. മത്സരയോഗ്യരായ 12 സ്ഥാനാർത്ഥികളാണ് നിലവിലെ പട്ടികയിലുള്ളത്.
സി.പി.എം സ്ഥാനാർത്ഥി എം.മുകേഷ്, ആർ.എസ്.പി സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ, ബി.ജെ.പിക്കായി ജി.കൃഷ്ണകുമാർ, സ്വതന്ത്രനായ എസ്.സുരേഷ് കുമാർ, എസ്.യു.സി.ഐ (സി) യിലെ ട്വിങ്കിൾ പ്രഭാകരൻ, സ്വതന്ത്രരായ എൻ.ജയരാജൻ, ജെ.നൗഷാദ് ഷെറീഫ്, എം.സി.പി.ഐ (യു) സ്ഥാനാർത്ഥിയായ പി.കൃഷ്ണമ്മാൾ, അംബേദ്കറൈറ്റ് പാർട്ടി ഒഫ് ഇന്ത്യയിലെ ജോസ്, ബി.എസ്.പിയിലെ വി.എ.വിപിൻലാൽ, ഭാരതീയ ജവാൻ കിസാൻ പാർട്ടിയിലെ കെ.പ്രദീപ് കുമാർ, സ്വതന്ത്ര സ്ഥാനാർത്ഥി പ്രേമചന്ദ്രൻ നായർ, എന്നിവരാണ് പട്ടികയിലുള്ളതെന്ന് വരണാധികാരികൂടിയായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.