കൊല്ലം: ജില്ലയിൽ ലോക് സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകർ അറിയിച്ചു. കളക്ടർ എൻ.ദേവിദാസ്, പൊതു നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്ധു, ചെലവ് നിരീക്ഷകൻ ഡോ. എ.വെങ്കടേഷ് ബാബു, പൊലീസ് നിരീക്ഷകൻ എച്ച്. രാംതെങ്‌ ഗ്ലിയാന എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പോളിംഗ് കേന്ദ്രങ്ങൾ നിരീക്ഷകർ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതലായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾക്കുള്ള നിർദ്ദേശങ്ങളും നൽകി.

സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെ പ്രവർത്തനവും വിലയിരുത്തി. വോട്ടെടുപ്പ് സുഗമമാക്കുന്നതിനുള്ള നടപടികളിൽ കൃത്യത ഉറപ്പാക്കണമെന്ന് സംഘം പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടലംഘനം തടയാനുള്ള സംവിധാനം ഇടതടവില്ലാതെ പ്രവർത്തിക്കണം. കുറ്റകൃത്യങ്ങൾ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യണം. തുടർനടപടികൾ സ്വീകരിച്ച് ഉചിതമായ ശിക്ഷാനടപടികളിലേക്ക് കടക്കണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ സുതാര്യവും സത്യസന്ധവുമായ നടത്തിപ്പിന് തടസമാകുന്ന പ്രവർത്തനങ്ങളെല്ലാം കർശനമായി തടയണം. ക്രമസമാധാനപാലത്തിലും പ്രത്യേക ശ്രദ്ധപുലർത്തണം. എല്ലാ പ്രവർത്തനങ്ങളും നിരന്തര നിരീക്ഷണത്തിന് വിധേയമാകുമെന്നും നിരീക്ഷകർ വ്യക്തമാക്കി.