ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് ഏറം തെക്ക് വാർഡിലെ കൊച്ചുപാറ സെവൻത് ഡേ ചർച്ചിന് സമീപത്തു കൂടിയുള്ള ഓടനിർമ്മാണം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു.
കല്ലുവാതുക്കൽ ജംഗ്ഷൻ മുതൽ ശീമാട്ടി ജംഗ്ഷൻ വരെയുള്ള ഓടയിൽ കൂടി വരുന്ന വെള്ളം ചർച്ചിന് സമീപം എത്തിച്ച് അവിടെ നിന്ന് സഞ്ചാരയോഗ്യമായ റോഡിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് നിലവിലെ നിർമ്മാണം. ഈ ഇടറോഡിൽ ഓട ഇല്ലാത്തതിനാൽ റോഡിലേക്ക് ഒഴുക്കിവിടുന്ന വെള്ളം സമീപ പ്രദേശത്തേക്കും വീടുകളിലേക്കും എത്തും. മഴക്കാലമായാൽ ഓടയിൽ കൂടി ധാരാളം വെള്ളം റോഡിലേക്ക് ഒഴുകിയെത്തും. ഇതോടെ റോഡിലൂടെ നടക്കാൻ പോലുമാവാത്ത അവസ്ഥയാകും. വർഷങ്ങൾ പഴക്കമുള്ള ഈ റോഡിൽ കൂടിയാണ് ഉളിയനാട്, കണ്ണേറ്റ പ്രദേശങ്ങളിലുള്ളവർ കല്ലുവാതുക്കൽ മാർക്കറ്റിലും മറ്റും പോകുന്നത്. എന്നാൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി സെവൻത് ഡേ ചർച്ചി ന് സമീപം നിലവിൽ റോഡ് അടച്ചിരിക്കുകയാണ്. ഈ ഭാഗത്ത് ദേശീയപാതയുടെ സർവീസ് റോഡ് വളരെ ഉയരത്തിലാണ്. സർവീസ് റോഡിലേക്ക് കടക്കാനുള്ള വഴിയും അടച്ചു.
ഇവിടെ ഉള്ളവർക്ക് കല്ലുവാതുക്കലിലേക്ക് മുൻപ് 5 മിനിട്ട് കൊണ്ട് കാൽനടയായി എത്താമായിരുന്നു. ഇപ്പോൾ 2 കിലോമീറ്റർ കടക്കണം. സർവീസ് റോഡിൽ നിന്ന് ഈ വഴി തുറന്നു നൽകാൻ സമീപവാസികൾ പഞ്ചായത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിട്ടിക്ക് ചിറക്കര ഗ്രാമപഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.