
കൊല്ലം: ഇതാ ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ സ്വീകരണ സ്ഥലത്തെ ലക്ഷ്യമാക്കി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ കടന്നുവരുന്നു. അനൗൺസ്‌മെന്റ് വാഹനത്തിൽ ശബ്ദം മുഴങ്ങി...
കൂടിനിന്നിരുന്ന തൊഴിലാളികൾ സ്ഥാനാർത്ഥിക്ക് നേരെ കൈവീശി. വേനൽച്ചൂടിനെ പോലും അവഗണിച്ചാണ് കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനം. പുനലൂർ മണ്ഡലത്തിലെ റോസ്മലയിൽ നിന്നാണ് ഇന്നലെ പര്യടനം ആരംഭിച്ചത്.
ഉച്ചയ്ക്ക് ശേഷം എസ്റ്റേറ്റ് മേഖലകളിലായിരുന്നു സ്ഥാനാർത്ഥി. തിരുവാതിരയും പ്രാദേശിക നൃത്താവിഷ്‌കാരവും നടത്തിയാണ് മിക്കയിടത്തും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ആര്യങ്കാവ് ഡിപ്പോ, കരയാളർതോട്ടം, കരിമ്പിൻതോട്ടം, ഇടപ്പാളയം ലക്ഷംവീട് എന്നിവിടങ്ങളിൽ തൊഴിലാളികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കൈകൊട്ടിക്കളിയും മറ്റും അവതരിപ്പിച്ച് ആഹ്ലാദാരവത്തോടെ സ്വീകരിച്ചു.
തൊഴിലുറപ്പ് മേഖലയിൽ എം.പി എന്ന നിലയിൽ നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ തൊഴിലാളികളുമായി സ്ഥാനാർത്ഥി പങ്കുവച്ചു. കരിമ്പിൻതോട്ടം, കോളനി, കരയാളർതോട്ടം, ചേനഗിരി, ഇടപാളയം ആർ.എസ് ജംഗ്ഷൻ, ഇടപാളയം ലക്ഷംവീട്, ഫ്‌ളോറൻസ്, കഴുതുരുട്ടി, പൂന്തോട്ടം, അമ്പനാട്, അരണ്ടൽ മേലേ ആനച്ചാടി, താഴെ ആനച്ചാടി, നെടുമ്പാറ, നാഗമല, കുറവൻതാവളം, മാമ്പഴത്തറ, വള്ളംവെട്ടി, 2-എഫ് കോളനി, 2-എച്ച് കോളനി, 2-ജെ കോളനി, 9-ബി കോളനി, 2-ഇ കോളനി, ചെറുകരകാണി, 1-സി കോളനി, കൂവക്കാട്, നെടുവന്നൂർകടവ്, 1-എ കോളനി, രമണി ക്വാട്ടേഴ്‌സ്, ചന്ദനക്കാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി.