
കൊല്ലം: വഴിയരികിൽ കാത്തുനിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിനെ വരവേറ്റ് ജനങ്ങൾ. ആയൂരിൽ നിന്നാണ് ഇന്നലെ പര്യടനം ആരംഭിച്ചത്. വഴിയോരങ്ങളിലും സ്വീകരണ യോഗങ്ങളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകരണം. നോട്ട് ബുക്കും പേനയും നാട്ടുകാർ സമ്മാനമായി നൽകി.
പുഞ്ചിരിയോടെ സ്ഥാനാർത്ഥി ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെയായിരുന്നു പര്യടനം. പനച്ചവിളയിലെ കശുഅണ്ടി തൊഴിലാളികൾ ഇരുകൈയും നീട്ടി മുകേഷിനെ സ്വീകരിച്ചു. 'കശുഅണ്ടി ഫാക്ടറിയും തൊഴിലാളികളും എനിക്ക് എല്ലാക്കാലവും പ്രിയപ്പെട്ടതാണ്, നിങ്ങളെ കാണുമ്പോൾ എനിക്കെന്റെ അമ്മൂമ്മയെ ഓർമ്മവരും, ഇപ്പോൾ ഇവിടെ വച്ച് ഒരു അമ്മ എന്റെ കൈപിടിച്ചപ്പോൾ കശുഅണ്ടിയുടെ കറ എന്റെ കൈയിൽ പറ്റി, അമ്മൂമ്മയുടെ കൈയിൽ പിടിക്കുമ്പോൾ ഉണ്ടാകുന്ന അതേ കറയും അതേ മണവും എനിക്ക് കിട്ടി. അതെന്റെ പഴയകാലത്തിലേക്ക് എന്നെ എത്തിച്ചു,' മുകേഷ് പറഞ്ഞു.
ലോട്ടറി വിൽപ്പനക്കാരിയായ വൃദ്ധ സ്ഥാനാർഥിക്ക് ലോട്ടറി നൽകി തന്റെ സ്‌നേഹം പ്രകടിപ്പിച്ചു. കാഴ്ച പരിമിതിയുള്ള ദമ്പതികളും സ്ഥാനാർത്ഥിയെ കാണാൻ എത്തിയവരിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം തേവർകുന്നിൽ അഞ്ചു വയസുകാരി ആദിലക്ഷ്മിയുടെ പിറന്നാളും സ്ഥാനാർത്ഥിയുടെ വാഹനത്തിൽ വച്ച് ആഘോഷിച്ചായിരുന്നു പര്യടനം മുന്നേറിയത്.