
തൊടിയൂർ: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മാവിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കല്ലേലിഭാഗം കല്ലുകടവ് കന്നേൽ വീട്ടിൽ ദീലിപിന്റെയും (ബേബി) പ്രിയയുടെയും ഏക മകൻ അഭിനവാണ് (18) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12.05ന് ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിന് സമീപത്തെ വളവിലായിരുന്നു അപകടം. ഇടക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോകുമ്പോഴായിരുന്നു അപകടം. കൂട്ടുകാരന്റെ ബൈക്ക് വാങ്ങി അഭിനവ് ഓടിക്കുകയായിരുന്നു. മറ്റൊരു ബൈക്കിൽ രണ്ട് കൂട്ടുകാർ ഒപ്പമുണ്ടായിരുന്നു. ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളിയിലെ തന്നെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുനാഗപ്പള്ളി ജെ.എഫ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അഭിനവ് പ്ലസ് ടു പരീക്ഷ എഴുതിയിട്ട് നിൽക്കുകയായിരുന്നു.