കൊല്ലം: തഴുത്തല നവദീപ് പബ്ലിക്ക് സ്‌കൂളിന് സമീപം കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത് (32), വടക്കേവിള മണക്കാട് ക്രസന്റ് നഗർ 79ൽ ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന റിയാസ് (34) എന്നിവരെ കാപ്പ ചുമത്തി തടവിലാക്കി.
2017 മുതൽ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാല് ക്രിമിനൽ കേസുകളിലും കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയാണ് രഞ്ജിത്ത്. കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, മയക്ക് മരുന്ന് വ്യാപാരം തുടങ്ങിയ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊലപാതക ശ്രമം, സംഘം ചേർന്നുള്ള ആക്രമണം, നരഹത്യാ ശ്രമം, കൈയേറ്റം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കേസുകളിൽ വിചാരണ നേരിടുന്നയാളാണ് വാവാച്ചി റിയാസ്. 2018 മുതൽ ഇരവിപുരം സ്റ്റേഷനിൽ ഏഴ് ക്രിമിനൽ കേസുകളിലും കൊട്ടിയം സ്റ്റേഷനിൽ ഒരു കേസിലും പ്രതിയാണ് ഇയാൾ. മുമ്പും ഇയാളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുറത്തിറങ്ങി. ഇരുവരേയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.