പോരുവഴി:ഡോ.എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം മിടുക്കന്മാരെയും മിടുക്കികളെയും തിരഞ്ഞെടുക്കുന്നതിനായി മെഗാ സ്കോളർഷിപ്പ് എക്സാം സംഘടിപ്പിക്കുന്നു. കുന്നത്തൂർ താലൂക്കിലെ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കുട്ടികൾക്കാണ് ഇന്ന് രാവിലെ 9ന് തറവാട് ഓഡിറ്റോറിയത്തിൽ പത്താം ക്ലാസ് സിലബസിനെ ആധാരമാക്കി മെഗാ സ്കോളർഷിപ്പ് എക്സാം നടക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തുന്ന സമ്മേളനം ഫൗണ്ടേഷൻ രക്ഷാധികാരിയും അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗചിത്രകാരനുമായ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ.അഭിജിത്ത് പിള്ള അദ്ധ്യക്ഷനാകും . ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പ്രമുഖ പരിശീലകനുമായ എൽ.സുഗതൻ " ഉപരി വിദ്യാഭ്യാസത്തിന്റെ കാണാപ്പുറങ്ങൾ " എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ഒ.എം.ആർ സംവിധാനത്തിൽ നടത്തുന്ന ക്വിസ് കോമ്പറ്റീഷന്റെ ഫലം ഇന്ന് തന്നെ പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം പത്തു പേർക്ക് 1000 രൂപ വീതവും എന്ന ക്രമത്തിൽ നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തിപത്രവും ഉപരി വിദ്യാഭ്യാസത്തിനായിട്ടുള്ള സ്കോളർഷിപ്പ് ഇനത്തിൽ 2000 രൂപയും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഇന്ന് രാവിലെ 9ന് രജിസ്ട്രേഷൻ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യം. വിശദവിവരങ്ങൾക്ക് : 8330011118.