road
പൊളിഞ്ഞു കിടന്ന വയലിൽമുക്ക് ഭാഗത്തെ റോഡ് വേനൽമഴയിൽ വെള്ളക്കെട്ട് ആയപ്പോൾ

ക്ലാപ്പന: നവീകരിച്ച റോഡിന്റെ നടുഭാഗം സഞ്ചാര യോഗ്യമല്ലാതായത് സുഗമമായ യാത്രക്കിടെ നാട്ടുകാർക്ക് കല്ലുകടിയാകുന്നു.ക്ലാപ്പന പഞ്ചായത്ത് 10 ാം വാർഡിൽ ചെറുകാട്ടിൽ മുക്ക് -മുളമൂട്ടിൽ മുക്ക് റോഡിൽ ഏകദേശം 500 മീറ്റ‌ർ ദൈർഘ്യത്തിൽ വയലിൽമുക്ക് ,​ആനന്ദാമിൽ ഭാഗത്താണ് ആറ് വർഷത്തോളമായി നാട്ടുകാരുടെ ക്ഷമയെ പരീക്ഷിക്കും വിധം റോഡ് പൊളിഞ്ഞു കിടക്കുന്നത്.

നിരവധി സ്‌‌കൂൾ ബസുകൾ ഇത് വഴി പോകുന്നു.പ്രദേശത്ത് തിരക്കേറിയ രണ്ട് ആരാധനാലയങ്ങളുമുണ്ട്. ഈ ഭാഗത്ത് തന്നെ കുറച്ച് ഉള്ളിലേക്ക് സുനാമി കോളനിയുമുണ്ട്. ഇവിടെ താമസിക്കുന്നവരുടെ ഏക ആശ്രയം ഈ റോഡാണ്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത വേനൽ മഴയിൽ റോഡ് വെള്ളക്കെട്ടായി.ഇത് മൂലം ചില വീടുകളിലേക്ക് കയറാനും കഴിയുന്നില്ല.

പൊളിഞ്ഞു കിടന്ന റോഡ് പൂർണമായി നന്നാക്കുന്നില്ലെന്ന് വിവരം ലഭിച്ചപ്പോൾ തടയാൻ ഒരുങ്ങിയതാണ് നാട്ടുകാർ. എന്നാൽ ഉടനെ ബാക്കി ഭാഗം പൂർത്തിയാക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

എസ്.കെ.ശശി

വയലിൽ പുത്തൻവീട്

സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം വരവിള

448 ാം നമ്പർ ശാഖ

മുൻ ഭരണസമിതിയുടെ കാലത്ത് സ്‌പിൽ ഓവറായ വർക്കാണ്. എന്നാൽ 2020 ൽ പുതിയ ഭരണസമതി വന്നപ്പോൾ 10 ാം വാർഡിൽ രാഷ്‌ട്രീയ മാറ്റമുണ്ടായി. ഇതോടെ പുതിയ ഭരണസമിതി സ്‌പിൽ ഓവറിൽ കൈകടത്തി.ഇതോടെ വർക്ക് പൂർത്തിയാക്കാൻ ഫണ്ട് തികയാതെ വന്നു.ടാറിംഗിന് ഫണ്ടിന്റെ അപര്യാപ്‌തത അനുഭവപ്പെട്ടപ്പോഴാണ് പണി നിറുത്തി വച്ചത്.ഈ റോഡ് അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു റോഡിന്റെ പണി ആരംഭിച്ചപ്പോൾ ഇടയ്‌ക്ക് പണി നടത്താത്ത ഭാഗം അഭംഗിയും റോഡിന്റെ മദ്ധ്യഭാഗം ഒഴിച്ചിട്ടെന്ന തോന്നലുമുളവാക്കി.

പി.തങ്കമണി

വാർഡ് മെമ്പർ

സ്‌പിൽ ഓവർ പ്രവൃത്തികളിൽ കൈകടത്തിയില്ല. ഒരു ജനപ്രതിനിധിയോടും രാഷ്‌ട്രീയ വിവേചനമില്ല.

പഞ്ചായത്ത് അധികൃതർ