കൊല്ലം: അറ്റകുറ്റപ്പണികൾക്ക് അടച്ച് മാസം നാല് പിന്നിട്ടിട്ടും തുറക്കാതെ ജില്ലാ ആശുപത്രി ഓപ്പറേഷൻ തീയേറ്റർ. ഫെബ്രുവരിയോടെ നവീകരണം പൂർത്തിയാകുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഓപ്പറേഷൻ തീയേറ്റർ തുറക്കാൻ ഇനിയും ഒരു മാസം കൂടി വേണമെന്നാണ് ഇപ്പോൾ പറയുന്നത്.
കഴിഞ്ഞ നവംബറിനാണ് ഓപ്പറേഷൻ തീയേറ്റർ താത്കാലികമായി അടച്ചത്. ഡിസംബറിൽ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട ജോലികൾക്ക് കാലതാമസം നേരിട്ടതാണ് നവീകരണം വൈകാൻ കാരണമെന്നും ഏപ്രിൽ അവസാനത്തോടെ പണി പൂർത്തിയാകുമെന്നുമാണ് കരാറുകാരൻ പറയുന്നത്.
ഒരുപാട് പഴക്കമുള്ള തീയേറ്ററിൽ അണുബാധ സാദ്ധ്യതകളെല്ലാം ഒഴിവാക്കി കൂടുതൽ സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നവീകരണം തുടങ്ങിയത്. അതീവ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ഓപ്പറേഷൻ തീയേറ്ററിലെ ജോലികൾ. അതിന്റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന കാലതാമസമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഒരേസമയം ആറുവരെയും ഒരു ദിവസം പത്ത് മുതൽ പതിനഞ്ച് വരെയും ശസ്ത്രക്രിയകളാണ് ജില്ലാശുപത്രിയിൽ നടന്നിരുന്നത്. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ.
അറ്റകുറ്റപ്പണികൾ നീളുന്നു
നിലവിൽ സീലിംഗ് ജോലികളാണ് പുരോഗമിക്കുന്നത്
തറയിൽ ടൈലിടുന്ന ജോലികളും ബാക്കി
ശസ്ത്രക്രിയ വൈകുന്നത് ഇത്തരക്കാരെ ബാധിച്ചു
അടിയന്തര ശസ്ത്രക്രിയകൾ റഫർ ചെയ്യുന്നു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ബുദ്ധിമുട്ടിൽ
നവീകരണ ചെലവ് ₹ 50 ലക്ഷം
മേയോടെ ഓപ്പറേഷൻ തീയേറ്റർ തുറന്ന് പ്രവർത്തിപ്പിക്കാൻ സജ്ജമാകും. ആധുനിക രീതിയിലാണ് തീയേറ്റർ ഒരുക്കുന്നത്. ഒരു മാസത്തെ സമയം കൂടി കരാറുകാരൻ ചോദിച്ചിട്ടുണ്ട്. ശസ്ത്രക്രിയകൾ നടത്താൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
പി.കെ.ഗോപൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്