കൊല്ലം: ഉഷ്ണം സഹിക്കാനാകാത്ത സാഹചര്യത്തിൽ അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ കേരള ബാർ കൗൺസിലിന് കത്ത് നൽകി. കറുത്ത പാന്റ്സും വെളുത്ത ഷർട്ടും കറുത്ത കോട്ടും അതിന് മുകളിൽ കറുത്ത ഗൗണുമാണ് അഭിഭാഷകരുടെ ഡ്രസ് കോഡ്. വേനൽക്കാലത്ത് തീരെ അനുയോജ്യമല്ല കുറത്ത വസ്ത്രങ്ങൾ. എന്നാൽ കറുത്ത കോട്ടിന് പുറമേ കറുത്ത ഗൗണും കൂടി ധരിക്കേണ്ടി വരുന്ന അഭിഭാഷകർ കോടതി മുറികളിൽ ഉരുകിയൊലിക്കുകയാണ്. കൊല്ലത്തെ പല കോടതി മുറികളിലെയും ഫാനുകൾ പ്രവർത്തിക്കുന്നില്ല. ഫാനുകളുള്ള കോടതിമുറികളിലും ഉഷ്ണത്തിന് ഒട്ടും കുറവില്ല. ഈ സാഹചര്യത്തിലാണ് ബാർ അസോസിയേഷൻ ഡ്രസ് കോഡിൽ ഇളവ് ആവശ്യപ്പെട്ടത്. കഴിഞ്ഞ വേനൽക്കാലത്ത് അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് നൽകിയിരുന്നു.