കൊല്ലം: മിനിലോറിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയെ രണ്ടുവർഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം വർക്കല പുതുവൽ പുത്തൻവീട്ടിൽ ജിനുവിനെയാണ് (48) കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് ശാലീന.വി.ജി.നായർ ശിക്ഷിച്ചത്. പിഴയൊടുക്കാതിരുന്നാൽ മൂന്നുവർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
2020 നവംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. എം.സി റോഡിൽ കൊട്ടാരക്കരയിൽ പട്രോളിംഗ് നടത്തുകയായിരുന്ന എക്‌സൈസ് സംഘം പുലർച്ചെ 5.30ന് മേലില മാരുതി സുസുക്കി ഷോറൂമിന് മുന്നിൽ സംശയാസ്പദമായി ഒരു മിനിലോറി കണ്ടെത്തി. എക്സൈസിനെ കണ്ടതോടെ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടി ലോറി പരിശോധിച്ചപ്പോൾ 1.840 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറായിരുന്ന ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ഷിലു, എ.എൻ.സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിവേക്, രജീഷ്, സജിൻ, പ്രേംരാജ്, നിഖിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ.സഹദുള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.