cc
ലോട്ടറിക്കട

കഴുതുരുട്ടി : കേരളത്തിൽ നിന്ന് ഭാഗ്യദേവതയുടെ കടാക്ഷം തമിഴകത്തെയും അനുഗ്രഹിച്ചു തുടങ്ങിയതോടെ അതിർത്തിയിൽ ആര്യങ്കാവ് ചെക്ക് പോസ്‌റ്രിൽ ദൈവങ്ങളുടെ പേരുള്ള ലോട്ടറി കടകളുടെ നിര നീളുന്നു. ഇക്കഴിഞ്ഞ ക്രിസ്‌മസ് ബംബറിന്റെ ഒന്നാം സ്ഥാനം തമിഴ്‌നാട്ടിലും നേരത്തെ മറ്രൊരു ബംബർ പുതുച്ചേരിയിലും സമ്മാനം നേടി കൊടുത്തതിലൂടെയാണ് കേരളാ ഭാഗ്യക്കുറി തമിഴ് മക്കളുടെ ഭാഗ്യദേവതയാകുന്നത്.

തമിഴ്‌നാട്ടിൽ ഭാഗ്യക്കുറിയില്ല

തമിഴ്‌നാട്ടിൽ ഭാഗ്യകുറികൾ നിരോധിച്ചിരിക്കുന്നതിനാൽ കേരളാ ലോട്ടറി അവിടെ കൈവശം സൂക്ഷിക്കാൻ പോലും നിയമമില്ല. എന്നാൽ എല്ലാ നറുക്കെടുപ്പ് ദിനങ്ങളിലും നറുക്കിന്റെ സമയമാകുമ്പോഴും തമിഴ്‌നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തുന്ന ഭാഗ്യാന്വേഷികൾ ടിക്കറ്റെടുത്ത് ഇവിടെ വച്ചു തന്നെ ഫലമറിഞ്ഞു മടങ്ങുന്നു. 60,000 രൂപാ വരെയുള്ള സമ്മാനങ്ങൾ അതിർത്തിയിൽ പ്രവർത്തിക്കുന്ന സ്‌റ്റാളുകളിൽ നിന്നു തന്നെ സമ്മാനമായി മാറി നൽകുന്നു. അതിന് മുകളിലുള്ള തുകകൾ ബാങ്ക് വഴിയാണ് മാറിയെടുക്കുന്നത്.

ചെക്ക്പോസ്‌റ്റിൽ പരിശോധന

കേരള സർക്കാർ നിയമപരമായി നടത്തുന്ന സമ്മാന പദ്ധതിയായതിനാൽ ബാങ്ക് മുഖേന എത്തുന്ന സമ്മാന തുകയുടെ പേരിൽ തമിഴ്‌‌നാട്ടിൽ മറ്റ് നടപടികൾ ഉണ്ടാകില്ല. എന്നാൽ ടിക്കറ്ര് തമിഴ്‌നാട്ടിലേക്ക് കടത്തുന്നുണ്ടോ എന്ന പരിശോധന അതിർത്തി ചെക്ക്പോസ്‌റ്റിൽ കർശനമാണ്. ഒന്നോ രണ്ടോ ടിക്കറ്ര് ആണെങ്കിൽ കീറി കളയും. കൂടുതൽ ടിക്കറ്റുകൾ കൈവശം വച്ചാൽ അവിടെ നിലനിൽക്കുന്ന ലോട്ടറി നിരോധന നിയമ പ്രകാരം കേസെടുക്കും.

സമ്മർ ബംബർ കാത്ത്

ആര്യങ്കാവ് അതിർത്തിയിൽ മലയാളികളും തമിഴ്‌നാട്ടുകാരും നടത്തുന്ന 30 ലോട്ടറി സ്‌റ്റാളുകൾ പ്രവർത്തിക്കുന്നു.വിൽപ്പന പുരോഗമിക്കുന്ന സമ്മർ ബംബറിന് തമിഴ്‌നാട്ടിൽ നിന്ന് വലിയ പ്രതികരണമാണ്. ഗ്രാൻഡ് ബംബർ നറുക്കെടുപ്പ് ദിവസം അവസാന മണിക്കൂറിലാണ് വലിയ കൂട്ടം ഇവിടെ എത്തി ടിക്കറ്റുകൾ സ്വന്തമാക്കുന്നത്. തമിഴ്‌നാടുമായി കേരളം അതിർത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും സമാന സ്ഥിതിയാണ്.

ദിവസം ഒരു സ്‌റ്റാളിൽ ശരാശരി 10 ,000 രൂപയുടെ കച്ചവടം നടക്കുന്നു. ഇത് സാധാരണ സമയത്താണ്. എന്നാൽ ബംബർ വിൽപ്പന നടക്കുമ്പോൾ അവസാന മണിക്കൂറിൽ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്.

ലോട്ടറി സ്‌റ്റാൾ ഉടമ