ആറ് വർഷത്തിലേറെയായി ദുരിതയാത്രയിൽ ജനങ്ങൾ
കൊല്ലം: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ എസ്.എം.പി പാലസ് റോഡ് തകർന്ന് ആറ് വർഷത്തിലേറെയായിട്ടും ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമില്ല. ചിന്നക്കട ലെവൽ ക്രോസ് മുതൽ എസ്.ബി.ഐ ബാങ്കിന് എതിർവശത്തെ പെട്രോൾ പമ്പിന് മുന്നിൽ അവസാനിക്കുന്നിടം വരെയുള്ള റോഡിന്റെ പലഭാഗത്തും ടാറിംഗും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ടു. പബ്ലിക് ലൈബ്രറിയ്ക്ക് മുന്നിലെ കുഴികൾ പലതും ഗർത്തങ്ങളായി മാറി. കെ.എസ്.ഇ.ബി ഓഫീസിലും ലൈബ്രറിയിലും എത്തുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഇരുചക്ര വാഹനയാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. സ്വകാര്യബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന ഇതുവഴിയുള്ള യാത്ര പകൽ പോലും ബുദ്ധിമുട്ടാണ്.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള സ്വകാര്യബസുകൾ നഗരത്തിൽ പ്രവേശിക്കുന്നത് ഇതുവഴിയാണ്. ചിന്നക്കടയിൽ നിന്ന് കൊട്ടിയം, അയത്തിൽ ഭാഗങ്ങളിലേക്ക് പോകാനും ഈ റോഡിനെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. പബ്ലിക് ലൈബ്രറി, കെ.എസ്.ഇ.ബി ഓഫീസ്, എഫ്.സി.ഐ ഗോഡൗൺ, പൊലീസ് ക്ളബ്, വൈ.എം.സി.എ, സോപാനം ഓഡിറ്റോറിയം, ശ്രീമൂലം തിരുന്നാൾ പാലസ് തീയേറ്റർ തുടങ്ങി പ്രധാനപ്പെട്ട നിരവധി സ്ഥാപനങ്ങൾ റോഡിന്റെ വശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
കരാറുകാരെ കിട്ടാനില്ല
പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡാണിത്. പല ആവശ്യങ്ങൾക്കായി പൊളിച്ചിട്ട റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. വേനൽ കാലത്ത് പൊടിശല്യം രൂക്ഷമാണ്. മഴ പെയ്താൽ റോഡ് തോടാകും. ഇതുവഴിയുള്ള കാൽ നടയാത്രയും ദുഹസമാണ്. റോഡ് നവീകരണത്തിന് കരാർ ഏറ്റെടുക്കാൻ ആളെ കിട്ടുന്നില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. 14 തവണ ടെണ്ടർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുത്തിരുന്നില്ല.
നിലവിൽ കരാർ ഏറ്റെടുത്തിരിക്കുന്ന ആൾ പത്ത് ശതമാനത്തിന് മുകളിൽ കോട്ട് ചെയ്തതുകൊണ്ട് സർക്കാരിന്റെ അംഗീകരത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ ടാറിംഗ് ജോലികൾ ആരംഭിക്കും.
പൊതുമരാമത്ത് അധികൃതർ