1.07കോടി രൂപയുടെ നിർമ്മാണം
50 പേർക്ക് താമസിക്കാൻ
കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പുത്തൂർ സായന്തനം വയോജന കേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി. ജൂണിൽ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ച 1.07കോടി രൂപ ഉപയോഗിച്ചാണ് രണ്ടാം നിലയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാന ഹൗസിംഗ് ബോർഡിനായിരുന്നു നിർമ്മാണച്ചുമതല. 50 പേർക്ക് താമസിക്കാനുള്ള ഇടമാണ് ഇപ്പോൾ സജ്ജമായത്. അധിക തുക അനുവദിച്ച് മുറ്റം ഇന്റർലോക്ക് പാകി സൗന്ദര്യ വത്കരിച്ചു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണവും നടത്തുവരികയാണ്. രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഉദ്ഘാടനം ജൂണിൽ മതിയെന്ന് തീരുമാനിച്ചത്. മൂന്ന് വർഷം മുൻപ് സായന്തനം പ്രവർത്തനം തുടങ്ങിയിരുന്നു. മറ്റൊരു അനാഥാലയത്തിനാണ് നടത്തിപ്പ് ചുമതല നൽകിയിരുന്നത്. ഓഡിറ്റ് ഒബ്ജക്ഷനെത്തുടർന്ന് ഇവരുടെ കരാർ പുതുക്കി നൽകിയില്ല. എഴുകോൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജീവനം റീഹാബിലേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് പുതിയ കരാർ നൽകിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെയും ജീവനത്തിന്റെയും പ്രതിനിധികളടക്കമുള്ള ഗവേണിംഗ് ബോഡിയാണ് തുടർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
നടത്തിപ്പ് ചുമതല കൈമാറി
സായന്തനം വയോജന കേന്ദ്രത്തിന്റെ തുടർന്നുള്ള നടത്തിപ്പ് ചുമതല ജീവനം റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറി. സായന്തനത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ കൈമാറൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം, ജില്ലാ പഞ്ചായത്തംഗം വി.സുമാലാൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാർ, ജീവനം ചെയർമാൻ എസ്.ആർ.അരുൺ ബാബു, കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ഗ്രാമപഞ്ചായത്തംഗം ആർ.ഗീത, ബി.എസ്.ഗോപകുമാർ, കെ.സുഗതൻ എന്നിവർ സംസാരിച്ചു.
ഒറ്റപ്പെട്ടുപോയവർക്കായ്
ജില്ലാ പഞ്ചായത്തിൽ നിന്ന് സായന്തനത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കും. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കി കൂടുതൽ മെച്ചപ്പെടുത്താനാണ് തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തും ജീവനവും സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വരവ്, ചെലവുകകളുടെ കണക്കുകൾ പൊതുജനങ്ങളെ അറിയിച്ച് സുതാര്യമായി പ്രവർത്തിപ്പിക്കാനാണ് തീരുമാനം. മുൻ നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുല്ലാമല കൃഷ്ണപിള്ളയടക്കമുള്ളവർ ഇപ്പോൾ അന്തേവാസികളായുണ്ട്. ഒറ്റപ്പെട്ടുപോയ കൂടുതൽ ആളുകളെ പാർപ്പിക്കാൻ നിലവിൽ സൗകര്യമുണ്ട്.