ആനകളുടെ മേൽനോട്ടം എലിഫന്റ് സ്ക്വാഡിന്
കൊല്ലം: കൊല്ലം പൂരത്തിന് ആനകളെ പങ്കെടുപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. 15ന് രാവിലെ 11ന് മുമ്പായി 13 ക്ഷേത്രങ്ങളിൽ നിന്നും ചെറുപൂരങ്ങൾ ആശ്രാമം ക്ഷേത്രം മൈതാനിയിലെത്തും. തുടർന്ന് ക്ഷേത്രപരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഷവറുകളിൽ ആനകൾക്ക് നീരാട്ട് ഒരുക്കിയിട്ടുണ്ട്. നീരാട്ടിനു ശേഷം ആൽത്തറയിൽ ആനയൂട്ട് സംഘടിപ്പിക്കും. 25 ആനകളെ പങ്കെടുപ്പിച്ചാണ് ഇത്തവണ പൂരം നടത്തുക. ഇരുവശവും പതിനൊന്നാനകൾ വീതം അണിനിരന്ന് കുടമാറ്റവും കൊല്ലം പുരവും നടക്കും. 3 ആനകൾ കാഴ്ചക്കാരായി നിൽക്കും. ആനകളുടെ ഡാറ്റ ബുക്ക്, ഇൻഷ്വറൻസ്, ആരോഗ്യ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഡ്യൂട്ടിയിലുള്ള വെറ്ററിനറി സർജന്മാർ പരിശോധിക്കും. ബ്രത്ത് അനലൈസർ ഉപയോഗിച്ച് ആനപരിപാലകരുടെ പരിശോധനയും നടത്തും. മയക്കുവെടി സജ്ജീകരണങ്ങളും പ്രത്യേക ആംബുലൻസിൽ ഒരുക്കും. ആരോഗ്യസ്ഥിതി മോശമായ ആനകളെയും മദപ്പാട് തുടങ്ങിയ ആനകളെയും പൂരത്തിൽ പങ്കെടുപ്പിക്കില്ല. ആനകളെ തിരഞ്ഞെടുത്ത് ഫിറ്റ്നസ് നൽകുന്നതിന്റെ പൂർണ ചുമതല മൃഗസംരക്ഷണ വകുപ്പ് എസ്.പി.സി.എ എലിഫന്റ് സ്ക്വാഡിനാണ്. കുടമാറ്റ വേദിയിൽ ഇരുഭാഗത്തുമായി പത്തോളം വെറ്ററിനറി സർജൻമാർക്കും എസ്.പി.സി.എ ഇൻസ്പെക്ടർമാർക്കും ഇതിനുള്ള ചുമതല നൽകിയിട്ടുണ്ട്. പൂരപ്രേമികൾ ആനകളിൽ നിന്നും 3 മീറ്റർ അകലം പാലിക്കണം. അടുത്തു നിന്നുള്ള സെൽഫി ഒഴിവാക്കണം. ആനയൂട്ട്, ആന നീരാട്ട് ,കുടമാറ്റം എന്നിവ നിയന്ത്രിക്കാനായി കൃത്യമായ ഉദ്യോഗസ്ഥ വിന്യാസം ഉണ്ടാകുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻകുമാർ അറിയിച്ചു.